സ്ലാബ് മൂടിയ ഭാഗത്തേക്ക് കടക്കുകയായിരുന്നു 'കക്ഷി" പിന്നീട് തിരിച്ച് വരാനാവാതെ കുടുങ്ങിപ്പോയി.
കോഴിക്കോട്: ഓടയുടെ സ്ലാബ് മൂടിയ ഭാഗത്ത് കുടുങ്ങിപ്പോയ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോഴിക്കോട്-അരീക്കോട് റോഡില്‍ എടവണ്ണപ്പാറ വെട്ടുപ്പാറ അങ്ങാടിക്ക് സമീപത്തുളള ഓവുചാലിലാണ് ഇബ്രാഹിം മലയില്‍ എന്നയാളുടെ പശു കുടുങ്ങിയത്. ഓവിനടയിൽ നിന്ന് അവ്യക്തമായ കരച്ചിൽ കേട്ടാണ് സംഭവം നാട്ടുകൂരുടെ ശ്രദ്ധയിൽ പെട്ടത്. ഓടയിൽ ഇറങ്ങിയ പശു സ്ലാബ് മൂടിയ ഭാഗത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് തിരിച്ച് വരാനാവാതെ കുടുങ്ങിപ്പോയി.
ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ മുക്കം അഗ്‌നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ വൈപി ഷറഫുദ്ദീന്‍, കെപി അജീഷ് എന്നിവര്‍ ഡ്രൈനേജില്‍ ഇറങ്ങി ഏറെ പ്രയാസപ്പെട്ടാണ് പശുവിനെ പുറത്തെത്തിച്ചത്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എന്‍ രാജേഷ്, എന്‍ ജയ്കിഷ്, ഫയര്‍ റെസ്‌ക്യു ഓഫീസര്‍മാരായ മുഹമ്മദ് ഷനീബ്, കെ ശരത്ത്, മിഥുന്‍, എന്‍ ഷിനിഷ്, എന്‍പി അനീഷ്, ഹോംഗാര്‍ഡ് ഫിജീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


