ആവശ്യക്കാര്‍ നേരിട്ട് എത്തുമ്പോൾ കോട്ടും ടൈയും കണ്ണടയും ധരിച്ച് എക്‌സിക്യുട്ടിവ് സ്റ്റൈലിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്

തിരുവനന്തപുരം: സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിദേശത്തു ജോലിയും വാഗ്ദാനം ചെയ്ത് പരസ്യം നല്‍കി പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാള്‍ കരമന പൊലീസിന്‍റെ പിടിയിൽ. വെള്ളനാട് ശങ്കരമുഖം പനച്ചക്കോണത്ത് തെക്കേക്കര വീട്ടില്‍ സണ്ണി ഐസക്ക് ആണ്(58) അറസ്റ്റിലായത്. കരമന സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഒരുവര്‍ഷം മുമ്പ് സണ്ണി ഫേസ്ബുക്കില്‍ അരുണ്‍ ഐ എസ് എന്ന പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി. അതിനുശേഷം സ്വന്തമായി തയാറാക്കിയ പരസ്യം പോസ്റ്റ് ചെയ്തു. സിനിമകളില്‍ അഭിനയിക്കാന്‍ അവസരമുണ്ടാക്കി നല്‍കുമെന്നും കാനഡ, ഇംഗ്ലണ്ട് എന്നീ വിദേശരാജ്യങ്ങളില്‍ ജോലി ആവശ്യമുള്ളവര്‍ക്ക് തരപ്പെടുത്തി നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. നേരിട്ട് ബന്ധപ്പെടുന്നതിന് നമ്പറും നല്‍കിയിരുന്നു.

ചാറ്റ് ചെയ്ത് പരിചയം സ്ഥാപിക്കുകയും വിശ്വാസ്യത വരുത്തുകയും ചെയ്തശേഷമായിരിക്കും പണം ആവശ്യപ്പെടുന്നത്. പരസ്യം ശരിയാണെന്നു വിശ്വസിച്ച യുവതിയില്‍നിന്ന് 2023 ഒക്ടോബറില്‍ ആദ്യം 25,000 രൂപയും പിന്നീട് 30,000 രൂപയും നവംബറില്‍ 35,000 രൂപയും പ്രതി തട്ടിയെടുക്കുകയായിരുന്നു. മൊത്തം 90,000 രൂപ ഗൂഗിൾ പേ വഴിയാണ് ഇയാള്‍ സ്വീകരിച്ചത്. യുവതിയെ കാനഡയില്‍ കൊണ്ടുപോകാമെന്നായിരുന്നു പ്രതി പറഞ്ഞു വിശ്വസിപ്പിച്ചത്.

ആവശ്യക്കാര്‍ നേരിട്ട് എത്തുമ്പോൾ കോട്ടും ടൈയും കണ്ണടയും ധരിച്ച് എക്‌സിക്യുട്ടിവ് സ്റ്റൈലിലാണ് ഇയാള്‍ പ്രത്യക്ഷപ്പെടുന്നത്. വ്യാജ അക്കൗണ്ട് തുടങ്ങിയിട്ട് കൂടുതല്‍ നാളുകള്‍ ആയതിനാല്‍ ഇനിയും നിരവധി പേര്‍ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്. സി ഐ ദിനേഷ്, എസ് ഐമാരായ വിപിന്‍, സുരേഷ്‌കുമാര്‍, സിപിഒ ഹരീഷ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

കുട്ടിക്ക് വിശപ്പില്ല, സ്കാൻ റിപ്പോർട്ടിൽ ഞെട്ടി ഡോക്ടർമാർ; മണിക്കൂറുകൾ നീണ്ട സർജറി, വയറ്റിൽ ഭീമൻ മുടിക്കെട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം