ഇന്നലെയാണ് രമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ വൈകീട്ട് കാണാതായ വേലായുധനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

കോഴിക്കോട്: ഭാര്യക്ക് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്. 

ഇന്നലെ വൈകീട്ട് വീടിന്റെ പുറകുവശത്താണ് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)