Asianet News MalayalamAsianet News Malayalam

വൃദ്ധ ദമ്പതിമാരുടെ കൊലപാതകം: പ്രതികളെ കിട്ടാതെ ഇരുട്ടില്‍തപ്പി ലോക്കല്‍ പൊലീസ്

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധീഖ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 

old age couple murdered in wayanad local police can't find murder gang yet
Author
Kalpetta, First Published Jul 31, 2021, 1:46 PM IST

കല്‍പ്പറ്റ: പനമരം നെല്ലിയമ്പത്ത് വൃദ്ധദമ്പതിമാര്‍ മുഖമൂടി സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഉന്നത ഏജന്‍സികള്‍ക്ക് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു മാസം പിന്നിട്ടിട്ടും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ അടക്കം ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. 

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധീഖ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിയാത്തതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയാണ് റിട്ട. അധ്യാപകന്‍ കേശവനും ഭാര്യ പത്മാവതിയും അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെട്ടേറ്റ നിലയില്‍ ഇരുവരും താമസിക്കുന്ന വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കേശവനും പിന്നാലെ പത്മാവതിയും മരിച്ചു. മുഖംമൂടിയണിഞ്ഞെത്തിയ രണ്ട് പേര്‍ മറ്റാരും കൂട്ടിനില്ലാതെ താമസിക്കുകയായിരുന്നു ദമ്പതികളെ ആക്രമിക്കുകയായിരുന്നു. 

ആക്രമണം നടന്ന് അധികം വൈകാതെ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രധാന റോഡില്‍ നിന്ന് അല്‍പ്പം മാറി ആളൊഴിഞ്ഞ ഭാഗത്തുള്ള രുനില വീട്ടിലായിരുന്നു വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്നത്. വീടിന്റെ മുകള്‍ നില വഴിയോ മറ്റോ എത്തിയതായിരിക്കാം അക്രമികള്‍ എന്നാണ് പോലീസ് നിഗമനം. കേശവനെ ആക്രമിക്കുന്നത് കണ്ട് പത്മാവതി അലറിവിളിച്ചതിനെ തുടര്‍ന്നാണ് സംഭവം സമീപവാസികള്‍ അറിഞ്ഞത്. ഇതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രന്‍, പനമരം, കേണിച്ചിറ, മാനന്തവാടി സ്‌റ്റേഷനുകളില്‍ നിന്നായി വന്‍ പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ കൂടി സഹായത്തോടെ പ്രദേശം മുഴുവന്‍ അരിച്ചുപെറുക്കി തിരഞ്ഞിട്ടും അക്രമികളെ കണ്ടെത്താനായിരുന്നില്ല. 

പനമരം, നീര്‍വാരം സ്‌കൂളുകളിലെ കായിക അധ്യാപകനായിരുന്നു മരിച്ച കേശവന്‍. ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോഴും അന്വേഷണം നടത്തുന്നത്. 2018 ജൂലൈ ആറിന് സമാന രീതിയിലുള്ള കൊലപാതകം വയനാട്ടില്‍ നടന്നിരുന്നു. വെള്ളമുണ്ടക്കടുത്ത കണ്ടത്തുവയല്‍ വാഴയില്‍ ഉമ്മര്‍ (28) ഭാര്യ ഫാത്തിമ (19) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് എട്ടുപവന്റെ സ്വര്‍ണാഭരണങ്ങളും ഫാത്തിമയുടെ മൊബൈല്‍ ഫോണും കവര്‍ന്നതിന് ശേഷമാണ് അക്രമി രക്ഷപ്പെട്ടത്. രാത്രിയില്‍ നടന്ന കൊലപാതകം ആരുമറിഞ്ഞില്ല. 

പിറ്റേന്ന് രാവിലെയാണ് ഇരുവരും മരിച്ചു കിടക്കുന്ന വിവരമറിയുന്നത്. അക്രമിയെ കുറിച്ച് ഒരു തുമ്പും ആദ്യം പോലീസിന് ലഭിച്ചിരുന്നില്ല. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയായ കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (45) അറസ്റ്റ് ചെയ്തത്. കണ്ടത്തുവയലിലെ കേസ് അന്വേഷണത്തിന് ആദ്യഘട്ടമുണ്ടായ സ്ഥിതി തന്നെയാണ് നെല്ലിയമ്പത്തെ കേസിലും സംഭവിക്കുന്നത്. കൃത്യം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ലഭിച്ചില്ലെന്നാണ് സൂചന. ഇക്കാരണം കൊണ്ട് തന്നെയാണ് പ്രത്യേക ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യമുയരുന്നത്.

Follow Us:
Download App:
  • android
  • ios