ആലപ്പുഴ: ഫോര്‍മാലിന്‍ കലര്‍ത്തിയ1800 കിലോ മത്സ്യം പിടികൂടി. അമ്പലപ്പുഴ വളഞ്ഞ വഴി ജങ്ഷന് തെക്കു വശമുള്ള ഷെഹാന്‍ ഐസ് പ്ലാന്റില്‍ നിന്നാണ് ഓലത്തള എന്ന വലിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം, ഫിഷറീസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. 

വളഞ്ഞ വഴി, കാക്കാഴം പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പഴക്കം ചെന്ന മത്സ്യം വില്‍ക്കുന്നതായി വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് പരിശോധനനടത്തിയത്. ഇന്‍സുലേറ്റഡ് വാഹനത്തില്‍ വാടിയില്‍ നിന്ന് തിങ്കളാഴ്ചയാണ് മത്സ്യം വളഞ്ഞ വഴിയിലെത്തിച്ചത്. ഇവിടെ നിന്ന് വിവിധ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിക്കുന്നതിനാണ് മത്സ്യം എത്തിച്ചത്.

രണ്ട് മാസത്തോളം പഴക്കമുള്ള മത്സ്യമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വളഞ്ഞ വഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒഎംആര്‍ ഫിഷറീസ് എന്ന സ്ഥാപനമുടമ വളഞ്ഞവഴി സ്വദേശി നൗഷാദിനെതിരെ കേസെടുത്തു. ചീഞ്ഞ നിലയിലായിരുന്ന മത്സ്യം പിന്നീട് കുഴിച്ചുമൂടി.

പ്രതീകാത്മക ചിത്രം