തെങ്ങിൽ നിന്ന് വീണ് വയ്യാതായി, ഈർക്കിൽ ചൂലിൽ പ്രരാബ്ധങ്ങൾ തൂത്തെറിഞ്ഞ് വിജയനും രമണിയും
പരുമല കുളത്തും മാടിയിൽ വിജയനും ഭാര്യ രമണിയും ഓല ചീകി ഈർക്കിൽ കൊണ്ട് ചൂൽ നിർമിച്ച് വിറ്റാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്

മാന്നാർ: തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് വയ്യാതായതിന് പിന്നാലെ ഈർക്കിൽ ചൂലിൽ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് മാന്നാറിലെ ഈ വൃദ്ധ ദമ്പതികള്‍. പ്രാരാബ്ദങ്ങൾ തൂത്തെറിഞ്ഞ് അതിജീവനത്തിനായാണ് ഒരു കുടുംബം ശ്രമിക്കുന്നത്. പരുമല കുളത്തും മാടിയിൽ വിജയനും ഭാര്യ രമണിയും ഓല ചീകി ഈർക്കിൽ കൊണ്ട് ചൂൽ നിർമിച്ച് വിറ്റാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. പലയിടങ്ങളിൽ നിന്നായി ഓല ശേഖരിച്ചാണ് ഈർക്കിൽ ചൂൽ നിർമിക്കുന്നത്.
ഒരു ദിവസം ഇരുവരും കൂടി ഓല ചീകിയാൽ മൂന്ന് ചൂൽ വരെ മാത്രമേ നിർമിക്കുവാൻ സാധിക്കാറ്. രാവിലെ മുതൽ വൈകുന്നേരം വരെ നിർമിക്കുന്ന ചൂലുകൾ അന്ന് തന്നെ വിറ്റുപോകും. ഒരു ചൂലിന് 100 രൂപയാണ് വില. ആവശ്യക്കാർ ഏറെയുള്ളതിനാൽ ചൂൽ വിറ്റ് പോകുവാൻ പ്രയാസമില്ലെന്ന് ഇരുവരും പറയുന്നു. മരം കയറ്റ തൊഴിലാളിയായിരുന്നു വിജയൻ . തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റതിനാൽ അയാസകരമായ തൊഴിലുകളൊന്നും ചെയ്യാൻ കഴിയാതെയായി.
ഭാര്യ രമണിയും നിരവധി രോഗങ്ങളാൽ പ്രയാസപ്പെടുന്ന ആളാണ്. അതിനാൽ മറ്റ് തൊഴിലുകൾക്കൊന്നും പോകുവാൻ കഴിയാത്തതിനാലാണ് ഒരിടത്ത് ഇരുന്നു കൊണ്ടുള്ള ചൂൽ നിർമാണത്തിൽ ഏർപ്പെട്ടത്. ചിലപ്പോഴൊക്കെ ഓലയുടെ ദൗർലഭ്യം അനുഭവപ്പെടാറുണ്ട്. ഈ അവസരങ്ങളിൽ ആയാസകരമല്ലാത്ത മറ്റ് എന്തെങ്കിലും തൊഴിൽ ചെയ്താണ് ഉപജീവനം നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം