90 ശതമാനത്തോളം പൊള്ളലേറ്റ അന്നമ്മയെ പരുമലയിൽ  സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണം സംഭവിക്കുകയായിരുന്നു

മാന്നാർ: ചെങ്ങന്നൂര്‍ ബുധനൂരില്‍ തീപൊള്ളലേറ്റ് വൃദ്ധ മരിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ്‌ എണ്ണയ്ക്കാട് കുന്നുപറമ്പിൽ പരേതനായ മാർട്ടിന്റെ ഭാര്യ അന്നമ്മ (73) ആണ് മരിച്ചത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപൊള്ളലേറ്റത്.

90 ശതമാനത്തോളം പൊള്ളലേറ്റ അന്നമ്മയെ പരുമലയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ മൂത്തമകനോടോപ്പമായിരുന്നു താമസം.

മാന്നാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് എണ്ണയ്ക്കാട് സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ സംസ്‌കരിച്ചു. മക്കൾ: ആന്‍റണി, തോമസ്, കുസുമം, വിമലാംബിക. മരുമക്കൾ: മോളി, മറിയാമ്മ, ജെറോം, സാബു.

അതേസമയം, കോഴിക്കോട് പേരാമ്പ്രയില്‍ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരൻ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. സംഭവത്തില്‍ സഹപാഠികൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവരിൽ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് ഇന്നലെ കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു, എച്ച്ഐവി ബാധിതർക്ക് ആശ്വാസം, പെൻഷന് 11 കോടി അനുവദിച്ച് ആരോഗ്യവകുപ്പ്