കോഴിക്കോട്: ദേശീയപാതയിൽ വാവാട് അങ്ങാടിയിൽ അതിവേഗത്തിൽ വന്ന മിനിലോറി ഹോട്ടലിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ വയോധികന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി വാവാട് പൂക്കോട്ടിൽ വേലായുധന്‍ (65) കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലാണ് മരിച്ചത്. അപകടം നടന്ന് പത്താം നാളിലാണ് വേലായുധന് ജീവന്‍ നഷ്ടമായത്.

ജനുവരി മൂന്നിന് രാവിലെ ഏഴോടെയായിരുന്നു അപകടം. വേലായുധനെ കുടാതെ ഹോട്ടലിൽ ചായകുടിച്ചുകൊണ്ടിരുന്ന പുത്തൻപുറത്ത് നീറ്റുട്ടമ്മൽ അബ്ദുൽ അസീസ് (38), സദാനന്ദൻ (സദു) എന്നിവർക്കും സാരമായി പരിക്കേറ്റിരുന്നു. ഡ്രൈവർ പുൽപ്പള്ളി സ്വദേശി ലിബിൻ (34) നും പരിക്കേറ്റിരുന്നു. അബ്ദുൽ അസീസിന്റെ നില ഗുരുതരമായി തുടരുകയാണ്. 

ലീലയാണ് വേലായുധന്‍റെ ഭാര്യ. മക്കൾ: സുനിൽകുമാർ, സുനജ, പരേതയായ സുനിത. മരുമക്കൾ: രബിത, മനോജ് കുമാർ.
ശവസംസ്കാരം ഇന്ന്  നടക്കും.