സംഭവ ദിവസം ഉച്ചയോടെ മാനികാവിലെ വീട്ടിലെത്തിയ ദാമോദരനും ഭാര്യയും തമ്മില്‍ വാക്ക് തർക്കമുണ്ടാകുകയും ഇത് ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു

കൽപ്പറ്റ: മീനങ്ങാടി ചൂതുപാറയില്‍ വയോധികന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മാനികാവ് വിക്രംനഗര്‍ ഒഴാങ്കല്‍ ദാമോദരന്‍ പട്ടിക കൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ ലക്ഷ്മിക്കുട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ചൂതുപാറ മാനികാവ് വിക്രംനഗറില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ ആളൊഴിഞ്ഞ വീട്ടിലെ മരപ്പണിശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവ ദിവസം ഉച്ചയോടെ മാനികാവിലെ വീട്ടിലെത്തിയ ദാമോദരനും ഭാര്യയും തമ്മില്‍ വാക്ക് തർക്കമുണ്ടാകുകയും ഇത് ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. വീട്ടില്‍ നിന്ന് തര്‍ക്കമുണ്ടായ ശേഷം അയല്‍ വീട്ടിലെ മരപണിശാലയില്‍ എത്തിയ ദാമോദരനെ ലക്ഷ്മിക്കുട്ടി പിന്തുടര്‍ന്നെത്തി. ഇവിടെ വെച്ചുള്ള തര്‍ക്കത്തിനിടെ ഇരുവരും തമ്മില്‍ കയ്യേറ്റമുണ്ടാവുകയും പട്ടിക കൊണ്ട് അടിയേറ്റ് ചോര വാര്‍ന്ന് ദാമോദരന്‍ മരണപ്പെടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സംഭവദിവസം വൈകുന്നേരം ലക്ഷ്മിക്കുട്ടി തനിക്ക് മര്‍ദനമേറ്റുവെന്ന് മീനങ്ങാടി പൊലീസില്‍ വിളിച്ചറിയിച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളും വിവരമറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ചികില്‍സ. ഇന്ന് ചികിത്സ പൂര്‍ത്തിയായതോടെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു ദാമോദരന്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് മകനോടൊപ്പം കാസര്‍ഗോഡും, മരുമകളുടെ ജോലി സ്ഥലമായ ബാഗ്ലൂരുമാണ് താമസിച്ചിരുന്നത്. മരുമകളോടൊപ്പം കഴിഞ്ഞ ഞായറാഴ്ച കല്‍പ്പറ്റയില്‍ എത്തിയതായിരുന്നു ഇദ്ദേഹം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.