കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ അമിത വേഗത്തില്‍ പാഞ്ഞ സ്വകാര്യ ബസിനുള്ളില്‍ തന്നെ വയോധികന്‍ വീഴുകയായിരുന്നു. 

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്‍റെ ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികന്‍റെ നട്ടെല്ല് തകര്‍ന്നു. കായംകുളം - അടൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു നൂറനാട് എരുമക്കുഴി സ്വദേശിയായ ശിവശങ്കരക്കുറുപ്പ്. നൂറനാട് പത്താംമൈല്‍ ജംഗ്ഷനില്‍ നിന്ന് ചാരുംമൂടേക്ക് പോകാനാണ് 75 കാരനായ ശിവശങ്കരക്കുറുപ്പ് ബസ് കയറിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെഎസ്ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ അമിത വേഗത്തില്‍ പാഞ്ഞ ബസിനുള്ളില്‍ തന്നെ വയോധികന്‍ വീഴുകയായിരുന്നു. പിറകിലെ സീറ്റിലാണ് ശിവശങ്കരക്കുറുപ്പ് ഇരുന്നത്. പറയംകുളത്തിന് സമീപത്ത് വച്ച് അമിത വേഗത്തില്‍ ഹമ്പ് കടന്നപ്പോള്‍ ശിവശങ്കരക്കുറുപ്പ് സീറ്റില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി ബസിന്‍റെ പ്ലാറ്റ്ഫോമില്‍ വീഴുകയായിരുന്നു. 

ഉടന്‍ തന്നെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പന്തളം പൊലീസിന് നല്‍കിയ പരാതി കൂടുതല്‍ അന്വേഷണത്തിനായി നൂറനാട് സ്റ്റേഷനിലേക്ക് കൈമാറി.