ഹരിപ്പാട്: വെളളക്കെട്ടിൽ സംസ്കാരം നടത്തി. കാഞ്ഞൂർ ലക്ഷ്മീ നിവാസിൽ കോലം തുള്ളൽ ആശാനും കലാകാരനുമായിരുന്ന രാഘവൻപിള്ള (97)യുടെ മൃതദേഹമാണ് പ്രളയക്കെടുതികൾക്കിടയിലും ബന്ധുക്കൾ സംസ്ക്കരിച്ചത്. പ്രായാധിക്യം മൂലം അവശനിലയിലായിരുന്ന രാഘവൻപിള്ള ശനിയാഴ്ചയാണ് മരിച്ചത്.

തുടരെ പെയ്ത കനത്ത മഴയിൽ നങ്ങ്യാർകുളങ്ങര ഭുവി കൺവെൻഷൻ സെന്ററിന് പുറകുവശത്തുള്ള രാഘവൻപിള്ളയുടെ വീട്ടുവളപ്പിലും പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. മുട്ടൊപ്പം ഉയർന്ന വെള്ളക്കെട്ടിൽ ചിതയൊരുക്കുന്നത് ദുഷ്ക്കരമായിരുന്നു. എങ്കിലും ബന്ധുക്കൾ കൂടിയാലോചിച്ച് വീട്ടുവളപ്പിൽ തന്നെ ചിതയൊരുക്കുവാൻ തീരുമാനിക്കുകയായിരുന്നു.

രണ്ടു ലോഡ് മെറ്റൽ കഷണങ്ങൾ ഇറക്കി മൃതദേഹം സംസ്ക്കരിക്കുന്ന സ്ഥലത്ത് ചതുരാകൃതിയിൽ ഉയർത്തി വിരിച്ച് അതിന് മുകളിൽ സിമന്റ് ഇഷ്ടികകൾ നിരത്തി, സിമന്റ് ഇഷ്ടികകൾക്ക് മുകളിൽ ഇരുമ്പ് ദഹനപ്പെട്ടി വച്ച് അതിനുള്ളിൽ ചിതയൊരുക്കിയാണ് ഇന്ന് രാവിലെ 11 മണിയോടെ രാഘവൻപിള്ളയുടെ സംസ്ക്കാരം നടത്തിയത്. പരേതയായ പൊന്നമ്മയാണ് ഭാര്യ.