കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ദുർഗന്ധം വമിക്കുന്ന 650 കിലോ കോഴി ഇറച്ചി പിടികൂടി. ദില്ലിയിൽ നിന്നും പാർസലായി കോഴിക്കോട്ടേക്ക് എത്തിച്ച ഇറച്ചി നാല് ദിവസത്തിലേറെ പഴക്കുമുണ്ട്. നഗരത്തിലെ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള ആഹാര സാധനങ്ങളുണ്ടാക്കാനായി എത്തിച്ചതാണെന്നാണ് സൂചന.

ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് ദില്ലിയിൽ നിന്നുള്ള നിസാമുദ്ദീൻ മംഗള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ പാർസലായി കോഴി ഇറച്ചി എത്തിയത്. 10 വലിയ കാർബോർഗ് പെട്ടികളിൽ 650 കിലോ മാംസം അയച്ചത് മുഹമ്മദ് അസ്ലം എന്ന ആളാണ്.  പെട്ടിയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ കോഴി ഇറച്ചി ആണെന്ന് വ്യക്തമായത്. പാർസൽ സ്വീകരിക്കാൻ ആള്‍ എത്തിയതുമില്ല. വിവരമറിയിച്ചതിനെ തുടർന്ന് കോർപ്പറേഷന്റെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഹെൽത്ത് ഇൻസ്പെക്ടറുമെത്തി. വിശദ പരിശോധനയ്ക്കായി ഇറച്ചിയുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇറച്ചി ആർക്കുവേണ്ടി കൊണ്ടുവന്നതാണെന്ന അന്വേഷണം തുടങ്ങിയതായി ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥർ അറിയിച്ചു.