പിറവം: കാല്‍വഴുതി തോട്ടില്‍ വീണ വയോധിക വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും ഒഴുകിയത് 20 മണിക്കൂര്‍. മൂവാറ്റുപുഴ സൗത്ത് മാറാടി ചേലാടി പുത്തന്‍പുരയില്‍ ചെറിയാന്‍റെ ഭാര്യ അന്നക്കുട്ടിയാണ്(68) 10 കിലോമീറ്റോളം തോട്ടിലൂടെ ഒഴുകിയത്. തോട്ടില്‍ ചൂണ്ടയിടാനെത്തിയവരാണ് മരക്കൊമ്പില്‍ പിടിച്ചു കിടക്കുകയായിരുന്ന അന്നക്കുട്ടിയെ രക്ഷപ്പെടുത്തിയത്. 

രാമമംഗലത്ത് മെതിപാറ മനയ്ക്കല്‍ കടവില്‍ ചൂണ്ടിയിടുകയായിരുന്ന നാട്ടുകാരില്‍ ചിയലര്‍ കയത്തില്‍ ചുറ്റുന്ന രൂപം കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് ജീവനുള്ള സ്ത്രീയാണ് ഒഴുകി വരുന്നതെന്ന് മനസ്സിലായത്. പിന്നീട് മനയ്ക്കല്‍ കടവില്‍ ചൂണ്ടയിടാനെത്തിയ പല്ലങ്ങാട്ട് വര്‍ഗീസ്, കോട്ടപ്പുറം മുത്തിമേളേല്‍ സുമേഷ് ഉണ്ണി, ആദര്‍ശ് ചെല്യാമ്പുറത്ത് എന്നിവര്‍ ചേര്‍ന്ന് അന്നക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വള്ളത്തില്‍ പുഴയിലെ പാറയിലെത്തി ചൂണ്ടയിടുന്നതിനിടെയാണ് അന്നക്കുട്ടി മരക്കൊമ്പില്‍ പിടിച്ചു വെള്ളത്തില്‍ കിടക്കുന്നത് വര്‍ഗീസ് കണ്ടത്.

വള്ളത്തിനടുത്തേക്ക് എത്താന്‍ അന്നക്കുട്ടി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വര്‍ഗീസ്  അന്നക്കുട്ടിയെ സാഹസികമായി കരക്കെത്തിക്കുകയായിരുന്നു. സഹായത്തിന് സുമേഷും ആദര്‍ശും എത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. 

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് അന്നക്കുട്ടിയെ കാണാതാകുന്നത്. വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങാത്ത സ്വഭാവമാണെങ്കിലും എങ്ങനെയോ വീടിനോട് ചേര്‍ന്നുള്ള തോട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. വീടിന്‍റെ പോര്‍ച്ചിനോട് ചേര്‍ന്നുള്ള പാറത്തട്ടാല്‍ തോട്ടിലാണ് അന്നക്കുട്ടി വീണത്. ശക്തമായ മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞിരുന്നു. മകന്‍ എല്‍ദോസ് രാത്രി വീട്ടിലെത്തിയപ്പോഴാണ് അന്നക്കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ബുധനാഴ്ച അന്നക്കുട്ടിയെ കണ്ടെത്തിയത്.