വിദ്യാലയം സർക്കാരിന് വിട്ടുനൽകി നാടിന് അഭിമാനമായ മുത്തശ്ശി 101ന്‍റെ നിറവില്‍. 

അമ്പലപ്പുഴ: നാടിന് വെളിച്ചമേകി വിദ്യാലയം സർക്കാരിന് വിട്ടുനൽകിയ മുത്തശ്ശി 101 ന്റെ നിറവിൽ. നീർക്കുന്നം മാടവനപരേതനായ വിപി വാസുദേവ കുറുപ്പിന്റെ പത്നി കെ രാജമ്മക്കാണ് നൂറു വയസ് തികഞ്ഞത്. കുടുംബപരമായി ലഭിച്ചതായിരുന്നു നീർക്കുന്നം എസ്ഡിവിയുപി സ്കൂൾ. ഇതാണ് ഏഴു പതിറ്റാണ്ടു മുൻപ് സർക്കാരിനു വിട്ടു നൽകിയത്.

ഇപ്പോൾ ജില്ലയിൽത്തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അറിവു പകരുന്ന വിദ്യാലയമായി ഇതു മാറി. ഏഴു മക്കളാണ് ഈ മുത്തശ്ശിക്കുള്ളത്. ഇതിൽ രണ്ടു മക്കൾ മരിച്ചു. പത്തു കൊച്ചുമക്കളും ഉണ്ട്.നൂറു വയസ് പിന്നിട്ടെങ്കിലും ഇന്നും ഒരു അസുഖവുമില്ലെന്നും മരുന്നും കഴിക്കുന്നില്ലെന്ന് ഏക മകൻ ആർ.സി.കുറുപ്പ് പറയുന്നു.രണ്ട് വർഷം മുൻപു വരെ സ്വയം പത്രം വായിക്കുമായിരുന്നു. ഇപ്പോൾ കണ്ണിന് അൽപ്പം കാഴ്ചക്കുറവ് ഉള്ളതൊഴിച്ചാൽ മറ്റൊരു അസുഖവും ഇല്ല. നൂറാം പിറന്നാൾ ദിനത്തിലും മക്കൾക്കും ചെറുമക്കൾക്കുമൊപ്പം പായസം കുടിച്ച് പിറന്നാൾ ആഘോഷിച്ച ഈ മുതുമുത്തശ്ശി നാടിന്റെ അഭിമാനവുമായി മാറിയിരിക്കുകയാണ്.