പട്ടികജാതിക്കാരിയായ വൃദ്ധയെ കബളിപ്പിച്ച് 22 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ.
കൊച്ചി: പട്ടികജാതിക്കാരിയായ വൃദ്ധയെ കബളിപ്പിച്ച് 22 സെന്‍റ് സ്ഥലവും വീടും തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ. കണ്ണൂർ ചിറക്കൽ കവിതാലയത്തിൽ ജിഗീഷി (38) നെയാണ് മുനമ്പം ഡിവൈഎസ്.പി എംകെ.മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ചേന്ദമംഗലം കിഴക്കുപുറം സ്വദേശിനിയായ സാവിത്രിയെന്ന 73-കാരിയുടെ ഭർത്താവിന്‍റെ പേരിലുള്ള വീടും പുരയിടവുമാണ് 86 ലക്ഷം രൂപയ്ക്ക് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാല് ലക്ഷം രൂപ മാത്രം നൽകി ആധാരം ചെയ്ത് തട്ടിയെടുത്തത്. സാവിത്രിയുടെ മകനുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണത്തിനിടയിൽ ഏതാനും മാസം മുമ്പ് സാവിത്രി മരണപ്പെട്ടിരുന്നു.
സമാനമായ തട്ടിപ്പിന് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ പതിനഞ്ചോളം കേസുകളുണ്ട്. സുപ്രീം കോടതി ജഡ്ജിയാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പറവൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതിനിടെ, 32 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി ബംഗളൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഇരട്ടയാർ വട്ടമറ്റത്തിൽ ജോസഫ് വിസി ആണ് മറ്റൊരു സാമ്പത്തിക തട്ടിപ്പിനായി തയ്യാറെടുക്കുന്നതിനിടെ അറസ്റ്റിലായത്.
നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ്.ബി. ,ശ്രീഹരി. കെ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകാന്ത് എം.വി.,ഹരീഷ് കുമാർ.സി, ലെനീഷ് .പി. എന്നിവർ ചേർന്ന് ബാംഗ്ലൂർ നിന്നും ഇയാളെ തന്ത്രപരമായി കോഴിക്കോട് എത്തിച്ച് പിടികൂടുകയായിരുന്നു. കോഴിക്കോട് എത്തിയ പ്രതി മറ്റൊരാളുടെ സഹായത്തിൽ ഒരു പ്രമുഖ ഹോട്ടലിൽ വ്യാജ വിലാസത്തിൽ മുറിമെടുത്ത് താമസിക്കുക യായിരുന്നു.
