തിരുവനന്തപുരം: തടവറയ്ക്ക് സമാനമായ കുടുസുമുറിയിലെ ഏകാന്തവാസത്തിൽ നിന്നും എഴുപത്തിരണ്ടുകാരി ജഗദമ്മയ്ക്ക് മോചനത്തിന് അവസരമൊരുക്കി ജനമൈത്രി പൊലീസിന്‍റെ ഇടപെടല്‍. കോവളം ജനമൈത്രി പൊലീസിന്‍റെ ഭവന സന്ദർശനമാണ് വര്‍ഷങ്ങള്‍ നീണ്ട നരകയാതനക്ക് അവസാനിപ്പിച്ചത്.

ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ജഗദമ്മയ്ക്ക് കുട്ടികളില്ല. അടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജഗദമ്മ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃത്തിഹീനമായ ഒറ്റമുറിയില്‍ വിസര്‍ജ്യങ്ങള്‍ക്കൊപ്പം വിവസ്ത്രയായി കഴിഞ്ഞിരുന്ന ജഗദമ്മയെ ആ മുറിയില്‍ നിന്ന് മാറ്റാമെന്ന് നേരത്തെ ബന്ധുക്കള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

എന്നാല്‍ ഇത് നടപ്പിലാകാതെ വന്നതോടെയാണ് ജനമൈത്രി പൊലീസ് ഇടപെടുന്നത്. ഇവരെ പുറത്തിറക്കി കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷന്‍ പരിധിയിലെ ആളുകളുടെ വിവര ശേഖരണത്തിന് ഇടക്കാണ് പൊലീസ് അവശനിലയില്‍ കഴിയുന്ന ജഗദമ്മയെ കണ്ടെത്തുന്നത്. 

കോവളം സ്റ്റേഷനിലെ എഎസ്ഐ അശോകൻ, എസ്സിപി ഒ ഷിബുനാഥ് എന്നിവർ ജനമൈത്രി പൊലീസിനു വേണ്ടി നടത്തിയ വിവരശേഖരണത്തിനിടെയാണ് ഇവരെ കണ്ടെത്തിയത്. എസ്ഐ രതീഷ് കുമാർ, വനിതാ സിപിഒ പ്രീതാലക്ഷ്മി, സിപിഒ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വൃദ്ധയെ ആശുപത്രിയിലാക്കിയത്.