Asianet News MalayalamAsianet News Malayalam

കളിച്ചുനടന്ന മുറ്റത്ത് ചലനമറ്റ് കുട്ടികൾ; അഭിജിത്തിനും അനഘയ്ക്കും ഓമനപ്പുഴ ഗ്രാമം വിടചൊല്ലി

കുവൈത്തിൽ നേഴ്സായ അമ്മ മേരിഷൈൻ ചൊവ്വാഴ്ച പുലർച്ചെയാണ് നെടുമ്പാശേരിയിൽ എത്തിയത്. വീട്ടിലെത്തിയ മേരിയുടെ കണ്ണീർത്തിരയിൽ ഓമനപ്പുഴഗ്രാമം മുങ്ങി.

Omanappuzha village bids farewell to Abhijit and Anagha
Author
Alappuzha, First Published Sep 22, 2021, 1:25 PM IST

ആലപ്പുഴ: ഓടിക്കളിച്ചു നടന്ന വീട്ടുമുറ്റത്തെ പന്തലിൽ അഭിജിത്തും (Abhijith) അനഘയും (Anagha) അടുത്തടുത്തു ചലനമറ്റുകിടന്നു. അച്ഛൻ നെപ്പോളിയന്റെയും അമ്മ മേരിയുടെയും സഹോദരൻ അജിത്തിന്റെയും നിലവിളി കണ്ടുനിന്നവരെ ഈറനണിയിച്ചു. വിദേശത്തെ ജോലിസ്ഥലത്തുനിന്ന് എന്നും വീഡിയോ കോളിലൂടെ മക്കളുമായി സംസാരിച്ചിരുന്ന അമ്മ മേരി ഷൈൻ അവരുടെ പേരുവിളിച്ച് അന്ത്യചുംബനമേകി. 

കുവൈത്തിൽ നേഴ്സായ അമ്മ മേരിഷൈൻ ചൊവ്വാഴ്ച പുലർച്ചെയാണ് നെടുമ്പാശേരിയിൽ എത്തിയത്. വീട്ടിലെത്തിയ മേരിയുടെ കണ്ണീർത്തിരയിൽ ഓമനപ്പുഴഗ്രാമം (Omanappuzha) മുങ്ങി. സമാധാനിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. അർത്തുങ്കലിലെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ അപകടം നടന്ന് അഞ്ചാം ദിവസമാണ് സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്. 

ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയൻ-മേരി ഷൈൻ ദമ്പതികളുടെ മക്കളായ അഭിജിത്(10 ), അനഘ(9) എന്നിവർ വെള്ളിയാഴ്ച വൈകിട്ടാണ് കളിക്കുന്നതിനിടെ വീടിനു സമീപത്തെ പൊഴിയിൽ മുങ്ങിമരിച്ചത്. മരണവിവരം അമ്മയെ അറിയിച്ചെങ്കിലും ആദ്യം ജോലി ചെയ്ത സ്പോൺസറിൽനിന്ന് പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ ലഭിക്കാത്തതിനാൽ യാത്ര അനിശ്ചിതത്വത്തിലായി. ഒടുവിൽ തടസങ്ങൾ നീക്കി ആർടിപിസിആർ പരിശോധന ഫലം നെഗറ്റീവായതോടെ മേരി നാട്ടിലെത്തി. 

ഇരുവരും പഠിച്ച ചെട്ടികാട് എസ് സിവിഎംയുപി സ്കൂളിലേക്ക് ഇന്നലെ രാവിലെ ഏഴരയ്ക്ക് മൃതദേഹങ്ങളെത്തിച്ചു. കലങ്ങിയ കണ്ണുകളുമായി അധ്യാപകരും സഹപാഠികളും യാത്രാമൊഴിയേകിയത് കണ്ടുനിന്നവർക്കും ഹൃദയഭേദകമായി. എട്ടരയോടെ നാലു തൈക്കൽ വീട്ടിലേക്കെത്തിച്ച മൃതദേഹം പതിനൊന്നോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ പള്ളിയിലേക്ക് കൊണ്ടുപോയി. 

Follow Us:
Download App:
  • android
  • ios