തൃശൂരിലെ ചെങ്ങഴിക്കോട് എന്ന പ്രദേശത്ത് ഉത്ഭവിച്ച, ഭൗമ സൂചിക പദവി ലഭിച്ച തനത് നേന്ത്രവാഴയിനമാണ് ചെങ്ങഴിക്കോടൻ. നിറവും രുചിയും കൊണ്ട് ഓണവിപണിയിൽ പ്രധാനിയായ ഈ നേന്ത്രക്കുലകൾ, ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിലെ കാഴ്ചക്കുല സമർപ്പണത്തിനും ഉപയോഗിക്കുന്നു. ചെങ്ങാലിക്കോടൻ എന്ന പേരിലും ഇത് വിപണിയിൽ അറിയപ്പെടുന്നുണ്ട്.
തൃശൂര്‍: നിറം കൊണ്ടും, രുചികൊണ്ടും, സൗന്ദര്യം കൊണ്ടും ഓണ വിപണിയില്‍ എന്നും ഒന്നാമനായി വാഴുന്നു ചെങ്ങഴിക്കോടന്‍ നേന്ത്രക്കുലകള്‍. ചെങ്ങഴിക്കോട് എന്ന നാടുവാഴി പ്രദേശത്ത് ഉദ്ഭവം കൊണ്ട തനത് നേന്ത്ര വാഴ ഇനമാണ് ഇത്. എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരിലാണ് ഇതിന്റെ ഉദ്ഭവ കേന്ദ്രം. നിലവിലെ എരുമപ്പെട്ടി, വേലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടിരുന്ന ചെങ്ങഴിക്കോട് എന്ന നാടുവാഴി പ്രദേശത്ത് ഉല്‍ഭവം കൊണ്ടതുകൊണ്ടാണ് ഈ നേന്ത്രവാഴയ്ക്ക് ചെങ്ങഴിക്കോടന്‍ എന്ന പേര് വീണത്.
വടക്കാഞ്ചേരി പുഴയുടെ ഇരു ഭാഗങ്ങളിലായി നിലകൊള്ളുന്ന ഈ പ്രദേശങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്തു വന്നിരുന്നത്. നാടന്‍ ജൈവവളമാണ് ഇതിന്റെ കൃഷിക്കായി കര്‍ഷകര്‍ ഉപയോഗിച്ചുവരുന്നത്. നിരവധി കര്‍ഷകര്‍ ഇപ്പോഴും ഇത് കൃഷി ചെയ്തുവരുന്നു. കാട്ടുപന്നി അടക്കമുള്ള വന്യജീവികളുടെ ശല്യമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. കരിയന്നൂരിലെ ചെങ്ങഴി വാലി താഴ്‌വരയില്‍ ഉത്ഭവം എടുത്ത ഈ നേന്ത്രവാഴ കൃഷി ചെയ്തു വന്നിരുന്ന കര്‍ഷകര്‍ പുരാതന കാലം മുതല്‍ ആരാധിച്ചു പോന്നിരുന്ന മുത്തപ്പന്‍ കാവ് ഇപ്പോഴും കരിയന്നൂരില്‍ സ്ഥിതി ചെയ്യുന്നു.
കേരള കാര്‍ഷിക സര്‍വകലാശാല ബൗദ്ധിക സ്വത്തവകാശ കേന്ദ്രത്തിന്റെയും, സംസ്ഥാന കൃഷി വകുപ്പിന്റെയും ശ്രമഫലമായി ഭൗമ സൂചിക പദവിയും ലഭിച്ചു. ചെങ്ങഴിക്കോട് നേന്ത്രവാഴകന്ന്, നേന്ത്രക്കുലകള്‍ എന്നിവ വിപണനം നടത്തുന്നതിന് വേണ്ടി കര്‍ഷകരുടെ കൂട്ടായ്മയായ ബനാന ഗോവേഴ്‌സ് സൊസൈറ്റി കരിയന്നൂരില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗുരുവായൂര്‍ ക്ഷേത്രം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ഉത്രാട കാഴ്ചക്കുല സമര്‍പ്പണത്തിന് ചെങ്ങഴിക്കോടന്‍ നേന്ത്രക്കുലകളാണ് പ്രധാനമായി നല്‍കി വരുന്നത്. ചെങ്ങാലിക്കോടന്‍ എന്ന മറ്റൊരു നാമത്തിലും ഇത് ഇപ്പോള്‍ വിപണിയില്‍ അറിയപ്പെടുന്നു.


