Asianet News MalayalamAsianet News Malayalam

'എന്‍റെ 6 സെന്‍റിൽ ഒന്നര സെന്‍റ് പോയാലും അവർക്ക് വഴിയാകട്ടെ'; സ്ഥലം സൗജന്യമായി നൽകി വാകത്താനം സ്വദേശി

വീട്ടിലേക്ക് എത്താൻ ശോശമ്മയ്ക്കും മേരിക്കുട്ടിക്കും ഇവിടെയുള്ള അഞ്ച് വീട്ടുകാര്‍ക്കും വഴിയുണ്ടായിരുന്നില്ല. തന്‍റെ ആറ് സെന്‍റ് സ്ഥലത്തിൽ ഒന്നര സെന്‍റും അയൽക്കാര്‍ക്കായി നൽകിയിരിക്കുകയാണ് ബിജു.

one and half cent from six cent land given free for way for neighbors
Author
First Published Aug 27, 2024, 3:04 PM IST | Last Updated Aug 27, 2024, 3:04 PM IST

കോട്ടയം: വീട്ടിലേക്ക് പോകാൻ വഴിയില്ലാതിരുന്ന അയൽക്കാർക്ക് സ്വന്തം സ്ഥലം സൗജന്യമായി നൽകി കോട്ടയം വാകത്താനം സ്വദേശി ഇ എസ് ബിജു. ആകെയുണ്ടായിരുന്ന ആറ് സെന്‍റ് സ്ഥലത്തിൽ നിന്ന് ഒന്നര സെന്‍റാണ് ബിജു അഞ്ച് കുടുംബങ്ങൾക്കായി നൽകിയത്.

കണ്ടാൽ ഒരു ചെറിയ നാട്ടുവഴിയാണ്. പക്ഷേ ഈ വഴി പിറന്നതിന് പിന്നിൽ വലിയ നന്മയുടെ കഥയുണ്ട്. രണ്ട് മാസം മുൻപ് വരെ വീട്ടിലേക്ക് എത്താൻ ശോശമ്മയ്ക്കും മേരിക്കുട്ടിക്കും ഇവിടെയുള്ള അഞ്ച് വീട്ടുകാര്‍ക്കും വഴിയുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് എത്തിക്കാനോ രാത്രിയിൽ സഞ്ചാരിക്കാനോ ഒക്കെ പാടുപെട്ടിരുന്നു ഇവർ. അയൽക്കാരുടെ ഈ വിഷമം കണ്ടാണ് ബിജുവിന്റെ മാതൃകാ പ്രവർത്തനം. പ്രധാന റോഡിനോട് ചേര്‍ന്നാണ് നിര്‍മ്മാണ തൊഴിലാളിയായ ഇ എസ് ബിജു താമസിക്കുന്നത്. റോഡിനോട് ചേർന്നുള്ള ആറ് സെന്‍റ് സ്ഥലത്തിൽ ഒന്നര സെന്‍റും അയൽക്കാര്‍ക്കായി നൽകിയിരിക്കുകയാണ് ബിജു.

"എന്‍റെ ആറ് സെന്‍റിൽ ഒന്നര പോയാലും അവർക്ക് വഴിയാവട്ടെ. എന്‍റെ അച്ഛൻ പോയപ്പോൾ ഒന്നും കൊണ്ടുപോയില്ല. പോവുമ്പോ ആർക്കും ഒന്നും കൊണ്ടുപോവാനാവില്ല. ഞാൻ ചെയ്ത നന്മയ്ക്ക് ദൈവം തരും"- ബിജു പറഞ്ഞു. 

ബിജുവിന്റെ സ്നേഹം തിരിച്ചറിഞ്ഞ അയൽക്കാർക്ക് ഇപ്പോൾ സന്തോഷം. ഒപ്പം നന്ദിയും- "ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. ഒത്തിരി സങ്കടപ്പെട്ടു. ബിജുവിനെ ദൈവം അനുഗ്രഹിക്കട്ടെ. എന്നും ബിജുവിനായി പ്രാർത്ഥിക്കും"- ശോശാമ്മ പറഞ്ഞു. മനുഷ്യ സ്നേഹത്തിന്‍റെ മഹത്തായ മാതൃകയായി വാകത്താനത്തെ ഈ ചെറിയ വഴിയും ബിജുവും നിലനിൽക്കും.

13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ മദർഷിപ്പ്; എംഎസ്‍സി ഡെയ്‍ല വിഴിഞ്ഞത്തേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios