വടുവന്‍ചാലില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച മദ്യവുമായി കെ.എം. മണികണ്ഠന്‍ എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.  

കല്‍പ്പറ്റ: വടുവന്‍ചാലില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചുവെച്ച മദ്യക്കുപ്പികളുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വടുവന്‍ചാല്‍ കരിങ്ങലോട് വീട്ടില്‍ കെ എം. മണികണ്ഠന്‍ (54) ആണ് അറസ്റ്റിലായത്. വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് വടുവന്‍ഞ്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി കരുതിവെച്ച 16.500 ലിറ്റര്‍ മദ്യം പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റ്റ്റീവ് ഓഫീസര്‍ കെ.ജി. വിജിത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ എ.എസ്. അനിഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റിവ് ഓഫീസര്‍ വി. രഘു, പ്രിവന്റിവ് ഓഫീസര്‍ എം.എ. രഘു, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ. വിഷ്ണു, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.പി. സുദിവ്യ ബായ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.