മദ്യം ലഭിക്കുമെങ്കിലും സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് വില. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഒരു സാധാരണ വൈന്‍ കുപ്പിയ്ക്ക് ഏകദേശം 7000 രൂപയോളം വരും! ഇത് അമേരിക്കയിലെ വിലയേക്കാള്‍ അഞ്ചിരട്ടി അധികമാണ്

പതിറ്റാണ്ടുകളായി തുടരുന്ന മദ്യനിരോധന നിയമങ്ങളില്‍ വീണ്ടും നിര്‍ണായക ഇളവുകള്‍ വരുത്തി സൗദി അറേബ്യ. രാജ്യത്തെ അതിസമ്പന്നരായ വിദേശികള്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള പ്രവാസികള്‍ക്കും ഇനി മുതല്‍ റിയാദിലെ ഔദ്യോഗിക വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങാം. മുസ്ലിങ്ങളല്ലാത്ത, പ്രതിമാസം കുറഞ്ഞത് 50,000 റിയാല്‍ (ഏകദേശം 12 ലക്ഷം രൂപ) ശമ്പളമുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. നേരത്തെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും പ്രീമിയം വിസയുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് ഇപ്പോള്‍ കൂടുതല്‍ പേരിലേക്ക് എത്തിയിരിക്കുന്നത്. മദ്യം ലഭിക്കുമെങ്കിലും സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് വില. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് ഒരു സാധാരണ വൈന്‍ കുപ്പിയ്ക്ക് ഏകദേശം 7000 രൂപയോളം വരും! ഇത് അമേരിക്കയിലെ വിലയേക്കാള്‍ അഞ്ചിരട്ടി അധികമാണ്

അവിശ്വസനീയമെന്ന് പ്രവാസികള്‍

വാര്‍ത്തയറിഞ്ഞ് മദ്യം വാങ്ങാനെത്തിയ പലര്‍ക്കും ആദ്യം ഇതൊരു സത്യമാണോ എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വാര്‍ത്ത പരന്നതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, ആളുകള്‍ ആവേശത്തിലാണെന്നും പലരും മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്യവില്‍പ്പനയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും, ഇതൊരു പരീക്ഷണാടിസ്ഥാനത്തിലുള്ള നീക്കമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

മാറ്റത്തിന്റെ കാറ്റ്

പ്രീമിയം വിസയുള്ള 12,500-ലധികം ആളുകള്‍ ഇതിനകം റിയാദിലെ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയതായാണ് കണക്കുകള്‍. 1952-ല്‍ സൗദിയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ശേഷം, രണ്ട് വര്‍ഷം മുമ്പാണ് വിദേശ നയതന്ത്രജ്ഞര്‍ക്കായി ആദ്യത്തെ മദ്യവില്‍പ്പന ശാല തുറന്നത്. വിദേശ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനായി സൗദി അറേബ്യ നടപ്പിലാക്കുന്ന സാമ്പത്തിക-സാമൂഹിക പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, 2026-ഓടെ ജിദ്ദ, ദഹ്‌റാന്‍ എന്നിവിടങ്ങളിലും സമാനമായ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ പദ്ധതിയുണ്ടെന്നാണ് സൂചന. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ 'വിഷന്‍ 2030' ന്റെ ഭാഗമായി രാജ്യത്ത് വലിയ സാമൂഹിക മാറ്റങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കിയതും, തിയേറ്ററുകള്‍ തുറന്നതും ഇതിന്റെ ഭാഗമായിരുന്നു. വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും, 2034-ലെ ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി വിദേശികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ഈ നീക്കമെന്നും സൂചനയുണ്ട്.