അയൽവാസിയെ വീടുകയറി ആക്രമിക്കുകയും നെഞ്ചിൽ കുത്തുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

കലവൂർ: അയൽവാസിയെ വീടുകയറി ആക്രമിക്കുകയും നെഞ്ചിൽ കുത്തുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് വാർഡ് 14 -ൽ പുളിമ്പറമ്പിൽ ആർ. രാജേഷ് (45) നെയാണ് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു ആക്രമണം. 

നഷ്ടപ്പെട്ട ഫോൺ അന്വേഷിച്ചെത്തിയവർക്ക് പ്രതിയുടെ വീട് കാണിച്ചു കൊടുത്തതിലുള്ള വൈരാഗ്യത്താലായിരുന്നു ആക്രമണം. അയൽവാസി ബാബു (56)വിനു നേരെ ആക്രമണം നടത്തുകയും കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയുമായിരുന്നു. അക്രമത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മണ്ണഞ്ചേരി എസ്ഐ കെ. ആർ. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read more:  'പറമ്പിലൂടെ നടക്കുന്നതിനിടെ കോൺക്രീറ്റ് തകർന്ന് കക്കൂസ് ടാങ്കിൽ വീണു'; ഒടുവിൽ പശുവിനെ രക്ഷിച്ചത് ഫയർഫോഴ്സ്

ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജൂണ്‍ 13 ന്

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജൂണ്‍ 13 ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ, ക്രൈംബ്രാഞ്ച്, കേരള പോലീസ് അക്കാദമി, ടെലി കമ്മ്യൂണിക്കേഷന്‍, റെയില്‍വേയ്സ്, പൊലീസ് ട്രെയിനിംഗ് കോളേജ്, പോലീസ് ആസ്ഥാനം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് ജൂണ്‍ 13 ന് പരിഗണിക്കുന്നത്. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 20. പരാതികള്‍ spctalks.pol@kerala.gov.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC Talks with Cops എന്ന് പേരിട്ട പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.