ആലപ്പുഴ: ചരസുമായി യുവാവ് പിടിയില്‍. ആര്യാട് സ്വദേശി ജയകൃഷ്ണ (21) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയുടെ അമ്മൂമ്മയുടെ വീടായ മണ്ണഞ്ചേരി ചിയാംവെളിയില്‍  താമസിച്ചുവരവെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍ നിന്ന് ഏഴ് ഗ്രാം ചരസ് പിടിച്ചെടുത്തു.

ഹിമാചല്‍ പ്രദേശിലെ കുളു, മണാലി, കസോള എന്നിവിടങ്ങളില്‍ നിന്നാണ് ചരസ് കൊണ്ടുവരുന്നത്. 4 മാസം മുമ്പ് കൈചൂണ്ടിമുക്ക് കിഴക്ക് വടികാട് മുക്ക് പ്രദേശത്ത് നിന്ന് കഞ്ചാവുമായി പിടികൂടിയ യുവാക്കള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയത് ജയകൃഷ്ണനായിരുന്നു.

എക്‌സൈസ് അന്വേഷിക്കുന്നതായി വിവരമറിഞ്ഞ പ്രതി ഹിമാചല്‍ പ്രദേശിലേക്ക് കടക്കുകയായിരുന്നു. നാട്ടില്‍ തിരികെയെത്തിയെന്ന് അറിവുകിട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് പ്രതിയെ പിടികൂടുകയായിരുന്നു. ചരസ് കടത്തില്‍ കണ്ണികളായ മറ്റു ചിലര്‍ കൂടി പിടിയിലാകുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജെ റോയ് അറിയിച്ചു.