പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവർ അറസ്റ്റിലായി
തൃശൂർ: ചാലക്കുടിയിൽ വൻ ഹാഷിഷ് ഓയിൽ വേട്ട. പതിനൊന്ന് കിലോ ഹഷിഷ് ഓയിൽ പിടികൂടി. ഏതാണ്ട് ഒരു കോടി രൂപ വിലമതിക്കുന്നതാണിത്. പെരിങ്ങോട്ടുക്കര സ്വദേശികളായ അനൂപ്, നിഷാൻ, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവർ അറസ്റ്റിലായി. ഇവരിൽ നിന്ന് രണ്ടു വാഹനങ്ങൾ പിടിച്ചെടുത്തു.
ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റിംഗ്
തിരുവനന്തപുരം: പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ മാർച്ച് നാല് (വെള്ളിയാഴ്ച) മുതൽ ഓൺലൈൻ ടിക്കറ്റ് ഏർപ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റ് വഴി നാളെ മുതൽ ഓൺലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഇ-ടിക്കറ്റ് ഉപയോഗിച്ച് ഈ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്താവുന്നതാണ്.
സന്ദർശകർ ഓൺലൈൻ ആയി തുക ഒടുക്കി സൈറ്റിൽ നിന്നും ലഭ്യമാക്കുന്ന ഇ-ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിയ്ക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിയ്ക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
ആറ്റിങ്ങലിൽ ബൈക്കിടിച്ച് ലോറി കത്തിനശിച്ചു, ബൈക്ക് യാത്രികൻ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലിൽ അപകടത്തെ തുടർന്ന് ബൈക്ക് യാത്രികൻ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനാണ് മരിച്ചത്. അപകടത്തിൽ ലോറി കത്തി നശിച്ചു. പാഴ്സൽ കൊണ്ട് വന്ന ലോറിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിയുടെ ടാങ്കറിന്റെ ഭാഗത്താണ് ബൈക്ക് ഇടിച്ചത്. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി നടുറോഡിൽ നിന്ന് കത്തി. അപകടത്തെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും ലോറിയുടെ മുൻഭാഗം പൂർണമായും കത്തിനശിച്ചിരുന്നു.
