Asianet News MalayalamAsianet News Malayalam

'സ്നേഹക്കൂട്'; ആ മുഖങ്ങളിൽ പുഞ്ചിരി വിടർത്തി ഇനിയും വരുമെന്നുറപ്പ് പറഞ്ഞ് അവർ മടങ്ങി

കൊളങ്ങാട്ടുക്കര ബഥനിഭവൻ വൃദ്ധമന്ദിരത്തിലായിരുന്നു സന്ദര്‍ശനം.

one day at old age home program thrissur SSM
Author
First Published Dec 17, 2023, 2:53 PM IST

തൃശൂർ: വാര്‍ദ്ധക്യത്തിന്‍റെ അവശതകളും ഒറ്റപ്പെടലിന്‍റെ വേദനയുമെല്ലാം നിറഞ്ഞ ആ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്തി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. 'സ്നേഹക്കൂട് - വയോജനങ്ങളോടൊപ്പം ഒരുദിനം' എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായാണ് തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ സോഷ്യൽവർക്ക്‌ ഡിപ്പാർട്ട്മെന്റ് ഒന്നാം വർഷ വിദ്യാർത്ഥികൾ വൃദ്ധമന്ദിരത്തില്‍ എത്തിയത്. കൊളങ്ങാട്ടുക്കര ബഥനിഭവൻ വൃദ്ധമന്ദിരത്തിലായിരുന്നു സന്ദര്‍ശനം.

വിദ്യാർത്ഥി പങ്കാളിത്ത പരിപാടികളിലൂടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം, അനുഭവങ്ങൾ, പ്രശ്നങ്ങൾ, നിയമ പരിരക്ഷ, അവകാശങ്ങൾ എന്നിവ കൂടുതൽ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തത്. സൈക്ക്യാട്രിക്  സോഷ്യൽ വർക്കറും അപ്പോൾക്ക് സംഘടനാ കോർഡിനേറ്ററുമായ മാർഷൽ സി രാധാകൃഷ്ണൻ സോഷ്യൽവർക്ക്‌ വിദ്യാർത്ഥികൾക്കും സ്ഥാപനത്തിലെ മുതിർന്ന താമസക്കാർക്കുമായി ബോധവൽക്കരണ സെഷൻ നയിച്ചു."വയോജനക്ഷേമം ഉറപ്പാക്കുന്നതിൽ സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികളുടെ സാമൂഹിക - തൊഴിൽപര ഇടപെടലുകൾ" എന്ന വിഷയത്തിൽ കേരളത്തിലെ മുതിർന്ന പൗരൻമാർ നേരിടുന്ന പ്രശ്നങ്ങൾ,പീഡനങ്ങൾ,ആരോഗ്യപ്രശ്നങ്ങൾ മുതിർന്നവരുടെ അവകാശ/നിയമ സംരക്ഷണം, മാനസികാരോഗ്യ പരിപാലനം, പുതുതലമുറയ്ക്ക് മുതിർന്നവരോട് ഉണ്ടായിരിക്കേണ്ട കടമകൾ എന്നിവയെക്കുറിച്ച് സംസാരിച്ചത് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു) വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ അറിവ് പകരുന്ന ഒന്നായിമാറി.

തുടർന്ന് സ്ഥാപനത്തിലെ മുതിർന്നവർക്കായി സോഷ്യൽ വർക്ക്‌ വിദ്യാർത്ഥികൾ വിവിധ കലാ പരിപാടികളും കളികളും മാനസികോല്ലാസ പരിപാടികളും മത്സര പരിപാടികളും സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനവിതരണവും നടത്തി. സോഷ്യൽ വർക്ക് വിഭാഗം സ്റ്റാഫ് കോർഡിനേറ്റർ സിസ്റ്റർ അനുമോൾ ജോസഫ്,സോഷ്യൽ വർക്ക് വിഭാഗം മേധാവി ജിജോ കുരുവിള, ബഥനിഭവൻ സുപ്പീരിയർ സിസ്റ്റർ റേജിസ് മാത്യു, സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ അന്ന ജോർജ്ജ്, അഷിക ഫർസാന, ജിൻജ നിക്സൺ എന്നിവർ സംസാരിച്ചു. ബഥനിഭവൻ വൃദ്ധമന്ദിരത്തിലെ താമസക്കാരുമായി സമയം ചെലവഴിച്ചും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും സമയം പങ്കിട്ടത്  മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും വേറിട്ട അനുഭവമായി.ഇനിയും അമ്മമാരെ കാണാൻ ആഘോഷ പരിപാടികളുമായി വരാമെന്ന ഉറപ്പിലാണ് അവർ പിരിഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios