ചേര്‍ത്തല: പൊലീസുകാരൻ ഓടിച്ച ഓട്ടോയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. റോഡിൽ വാഹന പരിശോധനക്കിടെ പിടിച്ച ഓട്ടോയുമായി സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. വയലാര്‍ പാലത്തിനു സമീപമായിരുന്നു അപകടം. നഗരസഭ മൂന്നാം വാര്‍ഡ് കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്മുഖന്റെ മകന്‍ ശങ്കര്‍(35)ആണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് 5.40നായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചിരുന്ന ശങ്കര്‍ തിങ്കളാഴ്ച രാവിലെ 10.45-ഓടെയാണ് മരിച്ചത്. മദ്യപിച്ചെന്ന കാരണത്തില്‍ പിടിച്ച ഓട്ടോ ഡ്രൈവര്‍ പിന്നിലിരിക്കെയായിരുന്നു അപകടം. ഓട്ടോ ഓടിച്ച എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ കളവംകോടം സ്വദേശി എംആര്‍ രജീഷിനെതിരെ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതലത്തിലുള്ള നടപടിയും ഉറപ്പായിട്ടുണ്ട്. 

സംഭവത്തെക്കുറിച്ച് ചേര്‍ത്തല സിഐ വിപി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. രജീഷും എഎസ്ഐ കെഎം ജോസഫും ചേര്‍ന്ന് ബൈക്കില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ആലപ്പുഴ അവലുക്കുന്നു സ്വദേശി മനോജിനെ മദ്യപിച്ചതിനെ തുടര്‍ന്ന് പിടികടിയത്. 

പരിശോധനാ സംവിധാനങ്ങളില്ലാതിരുന്നതിനാല്‍ മനോജിനെയും കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും പിന്നിലിരുത്തിയാണ് രജീഷ് ഓട്ടോ സ്‌റ്റേഷനിലേക്കെത്തിക്കാന്‍ ശ്രമിച്ചത്. വയലാര്‍പാലം ഇറങ്ങിവരുമ്പോഴാണ് ഓട്ടോ നിയന്ത്രണം വിട്ട് നടന്നുപോവുകയായിരുന്ന ശങ്കറിന്റെ പിന്നില്‍ ഇടിക്കുകയായരുന്നു. തുടര്‍ന്ന് സമീപത്തെ കടയുടെ ബോര്‍ഡ് തകര്‍ത്ത് മരത്തില്‍ ഇടിച്ചാണ് ഓട്ടോ നിന്നത്. രജീഷിനും ഓട്ടോയിലിരുന്നവര്‍ക്കും കാര്യമായി പരിക്കേറ്റില്ല.

ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ മറ്റൊരുവാഹനത്തിലാണ്‌ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കേളേജിലും പ്രവേശിപ്പിച്ചത്.എന്നാല്‍ തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. സംഭവത്തില്‍ ദക്ഷിണമേഖലാ ഐജി അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അപകടത്തിനുശേഷം ഓട്ടോ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ പോലീസെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. തിങ്കളാഴ്ച ശങ്കര്‍ മരിച്ചതിനു ശേഷം ഡിവൈഎസ്പി  എജി ലാലാണ് സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചത്.