റോഡ് നിർമാണം വൈകി; റോഡിൽ പായ വിരിച്ചു കിടന്ന് 'ജഗതി മോഡൽ' ഏകാംഗ പ്രതിഷേധം
കുഴികൾ കാരണം സഞ്ചാര യോഗ്യമല്ലാത്ത റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

ചാരുംമൂട്: റോഡ് നിർമാണം വൈകിയതിനാൽ റോഡിൽ പായ വിരിച്ചു കിടന്ന് യുവാവിന്റെ പ്രതിഷേധം. പ്രകാശ് ചുനക്കരയാണ് റോഡിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ചത്. ഭരണിക്കാവ് - കുടശ്ശനാട് റോഡിൽ കോമല്ലൂർ കുറ്റിയിലയ്യത്തു ജങ്ഷനിലായിരുന്നു സമരം. ഈ റോഡ് കോടികൾ മുടക്കി വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയിരുന്നു. എന്നാൽ കോമല്ലൂർ പുത്തൻചന്തക്ക് കിഴക്ക് ഭാഗത്ത് എത്തിയപ്പോൾ റോഡിൻ്റെ നിർമാണം നിർത്തി വെച്ചിരുന്നു. ഇവിടെ നിന്നും ഭരണിക്കാവ് വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് വർഷങ്ങൾ ആയിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ല.
കുഴികൾ കാരണം സഞ്ചാര യോഗ്യമല്ലാത്ത റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എന്നാൽ അറ്റകുറ്റ പണികൾ കഴിഞ്ഞ ദിവസം തുടങ്ങിയതോടെയാണ് റോഡ് പൂർണമായി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകാശിൻ്റെ ഒറ്റയാൾ സമരം. അവസാനം ഉദ്യോഗസ്ഥരും തൊഴിലാളികളും തിരികെ പോയതിന് ശേഷം സമരം അവസാനിപ്പിക്കുകയായിരുന്നു. കുറത്തികാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.