ഇടുക്കി: പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി മണല്‍കടത്ത് കേസിലെ പ്രതിയെ രക്ഷപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി അറസ്റ്റില്‍. വട്ടവട കോവിലൂര്‍ വീട്ടില്‍ ബാലമുരുകനെയാണ് ദേവികുളം എസ്.ഐ ദിലീപിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് മണല്‍മാഫിയ സംഘത്തെ പിടികൂടാല്‍ ദേവികുളം എസ്.ഐ ദിലിപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വട്ടവടയിലെത്തിയത്. പ്രതികളില്‍ ഒരാളെ പിടികൂടി ജീപ്പില്‍ കയറ്റിയെങ്കിലും ഒന്നാം പ്രതി വിഷ്ണു- രണ്ടാംപ്രതിയായ ബാലമുരുകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ജീപ്പ് തടഞ്ഞു നിര്‍ത്തി പിടികൂടിയ ആളെ ബലമായി മോചിപ്പിക്കുകയായിരുന്നു.

പൊലീസ് പിടികൂടിയ പ്രതിയെ വാഹനത്തില്‍ നിന്നും പതിനൊന്നോളം യുവാക്കള്‍ ചേര്‍ന്നാണ് ബലമായി മോചിപ്പിച്ചത്. ആക്രമങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് സംഘം അവിടെ നിന്നും മടങ്ങുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 11 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശാന്തന്‍പ്പാറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി. ആര്‍ പ്രതീപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രതി വിഷ്ണുവിനെ എസ്.ഐ ദിലീപ് കുമാര്‍ വേഷംമാറിയെത്തി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

Read more: പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ജീപ്പ് തടഞ്ഞ് ബലമായി മോചിപ്പിച്ച മണല്‍മാഫിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍
 

പൊലീസിനെ ആക്രമിച്ച ശേഷം ബാലമുരുകന്‍ അടിമാലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. പ്രതി അവിടെയുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് രണ്ടാം പ്രതിയേയും പൊലീസ്  പിടികൂടിയത്. കേസില്‍ ഇനി ഒന്‍പത് പ്രതികളെകൂടി പിടികൂടാനുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തില്‍ എ.എസ്.ഐ അശോക് കുമാര്‍, സി.പി.ഒമാരായ ബിനീഷ്, അശോക്, അഖില്‍ നാഥ് എന്നിവരുമുണ്ടായിരുന്നു.