ഇടുക്കി:  തിരുവോണ നാളിലും പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍‌ ദുരന്തം നടന്നിടത്ത് രക്ഷാദൗത്യം തുടരുന്നു. പെട്ടിമുടി ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി  കണ്ടെടുത്തു. നാട്ടുകാര്‍ കഴിഞ്ഞ ദിവസം തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹമാണ് വീണ്ടെടുത്തത്. വരും ദിവസങ്ങളിലും പ്രത്യേക സംഘം രൂപീകരിച്ച് തെരച്ചില്‍ തുടരുമെന്ന് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നാട്ടുകാര്‍ വനത്തിനുള്ളിലെ പുഴയില്‍ കണ്ടെത്തിയ മൃതദേഹമാണ് ഇന്ന് രക്ഷാ പ്രവര്‍ത്തകര്‍ കരയ്‍ക്കെത്തിച്ചത്.  മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. തിരുവോണ ദിവസം സംഭവസ്ഥലത്ത് എംഎല്‍എ അടക്കം എത്തിയതോടെയാണ് മൃതദേഹം കരക്കെത്തിച്ചത്. 

വനം വകുപ്പ് ഉദ്യോഗസ്ഥര്‍, അഗ്നിശമന സേനാംഗങ്ങള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, ഹൈറേഞ്ച് റസ്‌ക്യൂ ടീമംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്ത് ഇന്നും തെരച്ചില്‍ തുടര്‍ന്നത്. കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ മൃതദേഹം അടിമാലിയില്‍ എത്തിക്കുവാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് രാജമലയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇടുക്കിയില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഔദ്യോഗികമായി തെരച്ചില്‍ അവസാനിപ്പിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയായിരുന്നു. ഈ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുക്കാന്‍ സാധിച്ച സാഹചര്യത്തില്‍ പ്രത്യേകം സംഘം രൂപീകരിച്ച് വരും നാളുകളില്‍ തെരച്ചില്‍ നടത്തുമെന്ന് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ പറഞ്ഞു. 

പത്തു പേരടങ്ങുന്ന സംഘങ്ങളായി ആകെ ഇരുനൂറ് പേര്‍ വരുന്നയാളുകളാണ് തിരച്ചിന് നേതൃത്വം നല്‍കുക. അഗ്നിശമന സേന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വാച്ചര്‍മാര്‍, തൊഴിലാളികള്‍, ഹൈറേഞ്ച് റസ്‌ക്യൂ ടീം എന്നിരടങ്ങുന്ന സംഘമായിരിക്കും തിരച്ചിലിന് നേതൃത്വം നല്‍കുക. തുടര്‍ന്നുള്ള തിരച്ചിലിന് റവന്യൂ വകുപ്പ് എല്ലാ വിധത്തിലുള്ള സഹായസഹകരങ്ങള്‍ നല്‍കുമെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളി പറഞ്ഞു.