തമിഴ്നാട് വിരുതനഗർ ശ്രീവിള്ളിപുത്തൂരിൽ നിന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
പത്തനംതിട്ട : മൈലപ്രയിലെ വ്യാപാരിയെ കടയിൽ കയറി കൊലപ്പെടുത്തി മോഷണം നടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. ഒളിവിൽ പോയ മുഖ്യപ്രതികളിൽ ഒരാളായ മുത്തുകുമാറാണ് (26) പിടിയിലായത്. തമിഴ്നാട് വിരുതനഗർ ശ്രീവിള്ളിപുത്തൂരിൽ നിന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മുത്തുകുമാർ കൊടുംക്രിമിനലാണെന്നും ചുടുകാട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നും പത്തനംതിട്ട ഡിവൈഎസ്പി പറയുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി.
ഡിസംബർ 30 ന് വൈകിട്ടാണ് മൈലപ്രയിലെ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ച് പ്രതികൾ കൊലപ്പെടുത്തിയത്. കൊടുകുറ്റവാളികളായ മദ്രാസ് മുരുകൻ, സുബ്രമണ്യൻ, മുത്തുകുമാർ എന്നിവർക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും കൊലപാതകത്തിലെ പ്രതികളാണ്. ജോർജ്ജ് ഉണ്ണൂണ്ണിയുടെ മാലയും പണവും പ്രതികൾ കവർന്നിരുന്നു. കൂടാതെ സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്തുമാറ്റിയുള്ള കൊലപാതകത്തിൽ ഏറെ പ്രയാസപ്പെട്ടാണ് തെങ്കാശിയിൽ നിന്ന് പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്.

