ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു. രാജാക്കാട് നടുമറ്റം സ്വദേശി പ്ലാച്ചേരിൽ ബാബുവിന്റെ മകൻ എബിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എൻആർസിറ്റി സ്വദേശി ഗണപതി പറമ്പിൽ വീട്ടിൽ സജ്ഞയെ (20) പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂന്നാറിൽ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻഭാഗത്ത് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് ബസിനടിയിലേക്ക് തെന്നിമറിഞ്ഞാണ് അപകടം നടന്നത്. തൃശൂർ പോയ ശേഷം യുവാക്കൾ ഇരുവരും തിരികെ രാജാക്കാടിന് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മരിച്ച എബിനായിരുന്നു ബൈക്ക് ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.