തിരുവനന്തപുരം: ഒരു പ്രദേശത്താകെ  ആശ്രയമായ  ജല  സ്രോതസിൽ ചാണകവെള്ളവും കോമാളിയും ഒഴുക്കി മലിനമാക്കുന്നതായി പരാതി. തോട്ടിലെ  ജലം ഉപയോഗിച്ചവർക്ക് ത്വക്ക് രോഗങ്ങൾ പിടിപെടുന്നവെന്നും പരാതി.  ആര്യനാട്  പഞ്ചായത്തിൽ ഈഞ്ചപുരിയിൽ   പഴഉണ്ണി ആറ്റിൻപ്പുറം കൊക്കോട്ടേല തോട്ടിലാണ്  പ്രദേശവാസികളിൽ ചിലർ പൊതു ഓടയിലൂടെ  പമ്പ്  ഹൗസിനു സമീപത്തെ തോട്ടിൽ ചാണകവെള്ളം    ഒഴുക്കി ജനങ്ങളെ ദുരിതത്തിലാക്കുന്നത്.  

ഉടമകളോടും, പഞ്ചായത്തിലും, ആരോഗ്യവകുപ്പിലും   നിരവധി തവണ പരാതി പറഞ്ഞെങ്കിലും ഒരിടത്തും  നടപടിയാകുന്നില്ല എന്ന്  ഇവർ സങ്കടം പറയുന്നു. മാലിന്യം ഒഴുക്കുന്നവർക്ക്  ആരോഗ്യവകുപ്പിലെ പിടിപാടാണ് ജനങ്ങളുടെ ദുരിതത്തിന് നേരെ അധികൃതർ കണ്ണടക്കുന്നത്  എന്നും  ഇവർ  ആരോപിക്കുന്നത്.

തൊഴുത്തിന് സമീപത്തു നിന്നും പി വി സി പൈപ്പുകൾ ഉപയോഗിച്ച് ഓവുണ്ടാക്കി അത് വഴിയാണ് പൊതു ഓടയിൽ എത്തിക്കുന്നത്. നിരവധി വീടുകൾക്ക് മുന്നിലൂടെയാണ് ഈ മാലിന്യം ഒഴുകിയെത്തി തോട്ടിൽ പതിക്കുന്നത്. ഈഞ്ചപുരി,കൊക്കട്ടേല, മലവിള,ചെറുമഞ്ചൽ പ്രദേശത്തുള്ളവരും ആശ്രയിക്കുന്നത് ഈ ജലസ്രോതസ്സിനെയാണ്.

കൊക്കോട്ടേല ഈഞ്ചപുരി പമ്പ്  ഹൗസിൽ  ഈ ജലമാണ് പമ്പ്  ചെയ്തു പ്രദേശത്താകെ എത്തിക്കുന്നത്. ഓടയിലൂടെ ഒഴുക്കി വിടുന്ന ചാണക വെള്ളം പമ്പ്  ഹൗസിനു പിന്നിലായി  തോട്ടിൽ  ഒഴുകിയെത്തി കെട്ടി കിടക്കുന്നു. ഇവിടെയാകെ ദുർഗന്ധവുമുണ്ട്. വനത്തിൽ നിന്നും ഒഴുകിയെത്തുന്ന ജലത്തിനൊപ്പം ഈ മാലിന്യവും കലർന്ന്  കൊക്കോട്ടേല  തോട്ടിലൂടെ ഒഴുകി  അണിയില കടവ് ആറ്റിലും ഇവിടെനിന്നും  അരുവിക്കരയിലും കരമനയാറ്റിലും ആണ് എത്തിച്ചേരുന്നത്.

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലും  പൈപ്പിനെ മാത്രം ആശ്രയിക്കുന്നവരും കൂടാതെ ഈ തോട്ടിലെ ജലം മാത്രം ആശ്രയിച്ചു കഴിയുന്ന അനേകം കുടുംബങ്ങളാണ്  തോടൊഴുന്നതിനു ഇരുവശവും താമസിക്കുന്നത്. കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും ഉൾപ്പടെ ആളുകൾ ഉപയോഗിക്കുന്നത് ഈ ജലാശയത്തെയാണ്. 

എന്നാലിപ്പോൾ  ഇവിടെ കുളിക്കുകയും,  ഇവിടെ അലക്കിയ വസ്ത്രങ്ങൾ ഉപയോഗിച്ചും കുട്ടികൾക്ക് ഉൾപ്പടെ ത്വക്ക് രോഗങ്ങൾ പിടിപെടാൻ തുടങ്ങിയിരിക്കുകയാണ്. കുളിക്കുകയും, അലക്കിയ വസ്ത്രങ്ങൾ  ഉപയോഗിക്കുകയോ ചെയ്‌താൽ  ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും ചുവന്നു തടിച്ചു പിന്നീട് ഇത് വ്രണമായി മാറുകയും ചെയ്യുന്നു.

പലരും ഇപ്പോൾ ത്വക്ക് രോഗ വിദഗ്ധരുടെ ചികിത്സയിലാണ്. വേനൽ കാലത്തു  ദിവസവും മൂന്നു തവണ  ഓട  വഴി ചാണകവെള്ളം ഒഴുക്കിവിടുന്നു. മഴക്കാലമായാൽ ഇപ്പോഴത്തേതിലും കൂടുതൽ  ദുരിതമെന്നാണ് സമീപത്തുള്ളവർ പറയുന്നത്.അടിയന്തിര പ്രാധാന്യത്തോടെ അധികൃതർ ഇടപെട്ടു ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.