തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പൺ ആക്സസ് ഫ്യൂയൽ ഫാമും എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് സെന്ററും കമ്മീഷൻ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പൺ ആക്സസ് ഫ്യൂയൽ ഫാമും എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് സെന്ററും കമ്മീഷൻ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ വഴിയൊരുക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
എയർപോർട്ടിൽ പ്രവർത്തിക്കുന്ന എല്ലാ എണ്ണ കമ്പനികൾക്കും ചേർന്ന് ഉപയോഗിക്കാവുന്ന ഒരു പൊതു ഇന്ധന ശാലയും വിതരണ സംവിധാനവുമാണ് കമ്മീഷൻ ചെയ്തിരിക്കുന്നത്. ഇതിലൂടെ ഇന്ധന വിലയിൽ മത്സരവും സുരക്ഷയും പരിസ്ഥിതി സൗഹാർദവും വർധിപ്പിക്കുമെന്നും അധികാരികൾ അറിയിച്ചു. പുതിയ സംവിധാനം എത്തുന്നതോടെ കൂടുതൽ ഇന്ധന കമ്പനികൾക്ക് എയർപോർട്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം എല്ലാവർക്കും ഉപയോഗിക്കാവുന്ന ഒരു പൊതുസൗകര്യം ആകുന്നതുകൊണ്ട് ചെലവും കുറയും. ഹൈഡ്രന്റ് സംവിധാനം ഉപയോഗിച്ച് വേഗത്തിൽ ഇന്ധനം നിറയ്ക്കൽ നടക്കും.
തിരുവനന്തപുരം എയർപോർട്ടിനെ ആധുനിക വ്യോമയാന ഹബ് ആക്കി വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് ഓപ്പൺ ആക്സസ് ഇന്ധനശാല. വലിയ ജെറ്റ് ഇന്ധന സംഭരണശാലയും ഹൈഡ്രന്റ് സംവിധാനവും രണ്ടു വർഷത്തിനുള്ളിൽ തിരുവനന്തപുരം എയർപോർട്ടിൽ നിർമ്മിക്കും. ഇത് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള സമയം കുറയ്ക്കാനും സുരക്ഷയും വർധിപ്പിക്കാനും സഹായിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
