Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസി 'ആറാടുകയാണ്'; തുറന്ന ഡബിൾ ഡെക്കർ തയാര്‍, തലസ്ഥാന നഗരി കാണാന്‍ വായോ..!

തുറന്ന ഡബിൾ ഡെക്കർ ബസ്സിലിരുന്ന് നഗരക്കാഴ്ചകൾ കാണുവാനാണ് കെഎസ്ആർടിസി തിരുവനന്തപുരത്ത് അവസരം ഒരുക്കുന്നത്. മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസ്സുകളുടെ മുകൾഭാഗത്ത് ഇരുന്ന് യാത്ര ചെയ്ത് വിശാലമായ ആകാശക്കാഴ്ചകളും നഗര കാഴ്ചകളും നേരിട്ട് കാണാം

open double decker bus from ksrtc started service
Author
Thiruvananthapuram, First Published Apr 18, 2022, 8:23 PM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സായാഹ്ന രാത്രി കാഴ്ചകൾ ആസ്വദിക്കുവാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസി. തുറന്ന ഡബിൾ ഡെക്കർ ബസ്സിലിരുന്ന് നഗരക്കാഴ്ചകൾ കാണുവാനാണ് കെഎസ്ആർടിസി തിരുവനന്തപുരത്ത് അവസരം ഒരുക്കുന്നത്. മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസ്സുകളുടെ മുകൾഭാഗത്ത് ഇരുന്ന് യാത്ര ചെയ്ത് വിശാലമായ ആകാശക്കാഴ്ചകളും നഗര കാഴ്ചകളും നേരിട്ട് കാണാം.

കെഎസ്ആർടിസി 'സിറ്റി റൈഡ് 'എന്ന് നാമകരണം ചെയ്തിട്ടുള്ള സർവീസിൽ വിനോദസഞ്ചാരികൾക്ക് ഏറ്റവും ആകർഷണീയമായ രീതിയിൽ നഗരക്കാഴ്ചകൾ തടസ്സങ്ങളില്ലാതെ കാണാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഇനി മുകൾഭാഗം തുറന്ന ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം. വിദേശങ്ങളിൽ മാത്രം ലഭ്യമായിരുന്ന ഈ ദൃശ്യയാത്രാ അനുഭവം ഇനി അനന്തപുരിക്കും സ്വന്തമായെന്ന് മന്ത്രി പറഞ്ഞു. വൈകീട്ട് അഞ്ചുമുതല്‍ പത്തുമണി വരെയുള്ള നൈറ്റ് റൈഡിനും രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയുള്ള ഡേ റൈഡിനും 200 രൂപയാണ് ഓഫര്‍ ടിക്കറ്റ് നിരക്ക്.

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആശ്വാസം; 30 കോടി അക്കൗണ്ടിലെത്തി,മുഴുവൻ ജീവനക്കാർക്കും ഇന്ന് ശമ്പളം വിതരണം ചെയ്യും

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ജീവനക്കാര്‍ക്ക് ആശ്വാസം. മാര്‍ച്ച് മാസത്തെ ശമ്പളം ഇന്ന് തന്നെ പൂര്‍ണമായി വിതരണം ചെയ്യുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിന് പുറമേ, 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് പ്രതിസന്ധി പരിഹരിച്ചത്. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാതെ വിഷുവും ഈസ്റ്ററും ആഘോഷിച്ചത്. കെഎസ്ആർടിസിയുടെ പക്കല്‍ ഏഴ് കോടി രൂപയാണ് ശമ്പളവിതരണത്തിനായി ഉണ്ടായിരുന്നത്. 84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. സർക്കാർ അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാതോടെ രാത്രിയോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും. 

ശമ്പളം എത്തുന്നതോടെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതത്തിനും പ്രതിഷേധത്തിനും താത്കാലിക പരിഹാരമായി. സര്‍ക്കാര്‍ 30 കോടി അനുവദിച്ചെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധി മൂലം അത് കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്താതിരുന്നതോടെയാണ് ശമ്പളവിതരണം തടസപ്പെട്ടത്. സര്‍ക്കാര്‍ സഹായമായി ലഭിച്ച 30 കോടി കെഎസ്ആര്‍ടിസി ആക്കൗണ്ടിലെത്തി. 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്തു. 7 കോടിയോളം കെഎസ്ആര്‍ടിസിയുടെ പക്കലുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ശമ്പള വിതരണത്തിനുള്ള പണം കണ്ടെത്തിയത്. തൊഴിലാളി യൂണിയനുകളുടെ സമരം തുടരുന്നതിനിടെയാണ് ശമ്പളം എത്തുന്നത്.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യാമെന്ന് സേവന വേതന കരാര്‍ ഒപ്പുവച്ചപ്പോള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇന്ധന വില വര്‍ദ്ധനയാണ് കണക്ക് കൂട്ടലുകള്‍ തെറ്റിച്ചതെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണം നീണ്ടത്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സിഐടിയു, ബി.എം.എസ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മാസം മുതല്‍ വിതരണം വൈകില്ലെന്ന് മന്ത്രിതലത്തില്‍ ഉറപ്പ് കിട്ടിയാല്‍ മാത്രമേ പണിമുടക്ക് പിന്‍വലിക്കുകയുള്ളു. ഐഎന്‍ടിയൂസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയതാണ് ഇടതുമുന്നണി അധികാരത്തിലെത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. മാനേജ്മെന്‍റ് നടത്തുന്ന ചർച്ചയിൽ ശമ്പളം വൈകുന്നത് പ്രധാനവിഷയമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios