Asianet News MalayalamAsianet News Malayalam

ഓപ്പറേഷൻ ഡി ഹണ്ട്: തൃശൂരിൽ 14 ദിവസത്തിനുള്ളില്‍ പിടിയിലായത് 312 പേർ

സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക്ക് ഡ്രഗ്‌സ് വേട്ട ഒല്ലൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചയാണ് നടന്നത്. കേസില്‍ ഡ്രഗ്‌സ് നിര്‍മാണ ലാബ് കണ്ടെത്തുകയും സുപ്രധാന കണ്ണികളായ പ്രതികളെ പിടികൂടുകയും ചെയ്തു.

Operation D Hunt 312 arrested in Thrissur in 14 days
Author
First Published Sep 5, 2024, 2:38 PM IST | Last Updated Sep 5, 2024, 2:46 PM IST

തൃശൂര്‍: ഡി ഹണ്ടിന്‍റെ ഭാഗമായി തൃശൂര്‍ സിറ്റിയില്‍ 14 ദിവസത്തെ പരിശോധനയില്‍ 305 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 313 പ്രതികളിൽ 312 പേരെയും അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഇതര സംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരിലെ പ്രധാനികളും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക്ക് ഡ്രഗ്‌സ് വേട്ട ഒല്ലൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ചയാണ് നടന്നത്. കേസില്‍ ഡ്രഗ്‌സ് നിര്‍മാണ ലാബ് കണ്ടെത്തുകയും സുപ്രധാന കണ്ണികളായ പ്രതികളെ പിടികൂടുകയും ചെയ്തു. ഓണവുമായി ബന്ധപ്പെട്ട് ലഹരിവേട്ട തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

ഓണക്കാലത്തെ വ്യാജമദ്യ വിൽപ്പന തടയാൻ നടപടി

ഓണത്തിനു മുന്നോടിയായി വ്യാജമദ്യ ലഭ്യത തടയുന്നതിനായി കര്‍ശന നടപടി സ്വീകരിച്ച് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ്. എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശാനുസരണമുള്ള ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ പരിശോധനകളും റെയ്ഡുകളും നടത്തി. 75 അബ്കാരി കേസുകളും 32 എന്‍.ഡി.പി.എസ്. കേസുകളും 434 കോട്ട്പ കേസുകളും എക്‌സൈസ് കണ്ടെത്തി. ജില്ലാ എക്‌സൈസിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ 703 റെയ്ഡുകളിലും വ്യത്യസ്ത ഡിപ്പാര്‍ട്ടുമെന്റുകളെ ഉള്‍പ്പെടുത്തി നടത്തിയ ഒമ്പത് സംയുക്ത റെയ്ഡുകളും 44 ബൈക്ക് പട്രോളിങ്, 1953 വാഹന പരിശോധനകളിലുമായി നൂറ്റിപ്പത്തോളം കേസുകള്‍ പിടിച്ചു.

475 ലിറ്റര്‍ വാഷ്, 16 ലിറ്റര്‍ ചാരായം, 214 ലിറ്റര്‍ ഐ.എം.എഫ്.എല്‍, 13.5 ലിറ്റര്‍ അരിഷ്ടം, 528 ലിറ്റര്‍ കള്ള്, 430 ഗ്രാം കഞ്ചാവ്, കഞ്ചാവ് ചെടികള്‍, നിരവധി പുകയില ഉല്‍പ്പന്നങ്ങള്‍. 392 ഗ്രാം മെത്താംഫിറ്റമിന്‍ ഒട്ടനവധി വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.  6150 രൂപ തൊണ്ടി മണിയായും 86,800 രൂപ കോട്ട്പ ചുമത്തിയ വകയില്‍ പിഴയായും ഈടാക്കി. വ്യാജ മദ്യകള്ള്, അരിഷ്ടം എന്നിവയുടെ ലഭ്യത തടയുന്നതിനു വേണ്ടി രാസ പരിശോധനയ്ക്കായി കള്ളിന്റെയും മദ്യത്തിന്റെയും 204 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. 

ഓണത്തോടനുബന്ധിച്ചു എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൈവേയില്‍ വാഹന പരിശോധന ശക്തമാക്കി. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ടു സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണര്‍ എച്ച് നൂര്‍ദീന്‍ അറിയിച്ചു. മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച പരാതികളും വിവരങ്ങളും തൃശൂര്‍ എക്‌സൈസ് ജില്ലാ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് 0487 2361237 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം.

ഓണക്കാലത്ത് സപ്ലൈക്കോയുടെ വിലവർദ്ധന; അരി ഉൾപ്പെടെ മൂന്ന് സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios