Asianet News MalayalamAsianet News Malayalam

'ഇത് വെറും ബ്ലേഡ് അല്ല, കൊടുവാള്‍'; ഓപ്പറേഷന്‍ കുബേരയില്‍ കുടുങ്ങി അമ്പാടി ഉണ്ണി

ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധ രേഖകള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു.

operation kubera one arerst in valanchery
Author
Valanchery, First Published Jul 6, 2022, 6:11 PM IST

വളാഞ്ചേരി: അനധികൃത പണമിടപാട് മാഫിയകള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി നിരവധി രേഖകളുമായി ഒരാള്‍ അറസ്റ്റില്‍. വളാഞ്ചേരി കാവുംപുറം സ്വദേശി സുബ്രഹ്മണ്യന്‍ എന്ന അമ്പാടി ഉണ്ണി (51)യാണ് പിടിയിലായത്. കോടതി നിര്‍ദേശാനുസരണം വളാഞ്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍  കെ ജെ ജിനേഷ്, സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയില്‍ വിവിധ രേഖകള്‍ പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. ആര്‍ സി ബുക്ക്, ചെക്ക് ലീഫ്, മുദ്ര പേപ്പര്‍, ആധാരം ഉള്‍പ്പെടെ 1509 രേഖകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി നേരത്തെ നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ മറവില്‍ വീട്ടില്‍ വെച്ചായിരുന്നു രേഖകള്‍ വാങ്ങിച്ച് ഇടപാടുകള്‍ നടത്തിയിരുന്നത്.

രേഖകളില്‍ മേല്‍ ഉയര്‍ന്ന പലിശയ്ക്കാണ് പ്രതി പണം നല്‍കിയിരുന്നത്. വിവരം അറിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് പരാതിയുമായി വരുന്നതെന്നും അനധികൃതമായി പണമിടപാട് നടത്തുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സീനിയര്‍ സിപിഒമാരായ മനോജ്, ദീപക്, പ്രമോദ്, അനു, മോഹനന്‍ പദ്മിനി, സിപിഒമാരായ ഹാരിസ്, രജീഷ്, അഭിലാഷ്, മനോജ്, ഗിരീഷ്, ആന്‍സണ്‍, റഷീദ് രഞ്ജിത്ത്, രജിത എന്നിവരും ഉണ്ടായിരുന്നു.

വയനാട്ടിൽ മോഷണം നടത്തിയവരെ അസമിൽനിന്ന് പൊക്കി പൊലീസ്; പരിശോധിച്ചത് 6 ലക്ഷം ഫോൺകോളുകളും 40 സിസിടിവി ദൃശ്യങ്ങളും

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി, നൂല്‍പ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി മോഷണങ്ങള്‍ നടത്തി മുങ്ങിയ ഇതര സംസ്ഥാനക്കാരെ അവരുടെ ഗ്രാമത്തിലെത്തി പൊക്കി കേരള പോലീസ്. അസം സ്വദേശികളായ ബജ്ഭറ സ്വദേശി മൊഹിജുല്‍ ഇസ്ലാം (22), ടെന്‍സിപുര്‍ സ്വദേശികളായ ഇനാമുല്‍ ഹഖ് (25), നൂര്‍ജമാല്‍ അലി (23), സോനിറ്റ്പുര്‍ ഗുരമര്‍ഹ് സ്വദേശി ദുലാല്‍അലി (23) എന്നിവരെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടി.

മോഷണത്തിനുശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികളെ കാലാവസ്ഥയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും ജീവന്‍ അപകടത്തിലാകുമെന്നറിഞ്ഞിട്ടും അസം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളിലെത്തി ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പെ മോഷണം നടത്തി രക്ഷപ്പെട്ട പ്രതികളെ കുറിച്ച് ഒരു വിധത്തിലുള്ള സൂചനകളും ആദ്യഘട്ടത്തില്‍ പൊലീസിന് ലഭിച്ചിരുന്നില്ല. പിന്നീട് ബത്തേരി, പുല്‍പ്പള്ളി പ്രദേശങ്ങളിലെ 40-ലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ പ്രതികളുടേതെന്ന് തോന്നിക്കുന്ന ചിത്രങ്ങള്‍ കണ്ടെത്തി.

എന്നാല്‍ ചിത്രത്തിലുള്ള ആരും പൊലീസിന്റെ ക്രൈം റെക്കോഡ്‌സില്‍ ഇല്ലാതിരുന്നത് മറ്റൊരു വെല്ലുവിളിയായി. എന്നാല്‍ തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ ഫോണ്‍കോളുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ തീരുമാനിച്ച അന്വേഷണ സംഘത്തിന് പ്രതീക്ഷ ലഭിച്ചു തുടങ്ങി. ആറരലക്ഷത്തോളം ഫോണ്‍ കോളുകളാണ് അന്വേഷണസംഘം പഠിച്ചത്. ഇതില്‍നിന്നാണ് മോഷണം നടത്തിയത് അതിഥി തൊഴിലാളികളായിരിക്കാമെന്ന നിഗമനത്തിലേക്ക് എത്താനായത്.

തുടര്‍ന്ന് അതിഥി തൊഴിലാളികളെ കേരളത്തിലേക്കെത്തിക്കുന്ന ഏജന്റുമാരുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൊരു ഏജന്റ് ഒന്നാംപ്രതിയായ മൊഹിജുല്‍ ഇസ്ലാമിന്റെ ചിത്രം തിരിച്ചറിഞ്ഞതോടെയാണ് വഴിത്തിരിവായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൊഹിജുല്‍ ഇസ്ലാം ഏപ്രില്‍ 12-ന് നാട്ടിലേക്ക് പോയതായി അറിയാന്‍ കഴിഞ്ഞു. ഇയാള്‍ ഗുവാഹാത്തിയിലെത്തിയതായും മറ്റു മൂന്ന് പ്രതികളും കൂടെയുണ്ടെന്നും വ്യക്തമായതോടെ അന്വേഷണസംഘം ഇവിടേക്ക് പുറപ്പെട്ടു. പക്ഷേ പ്രതികളുടെ പൂര്‍ണവിലാസമോ, കൂടുതല്‍ വിവരങ്ങളോ കൈയിലില്ലാത്തത് അന്വേഷണസംഘത്തിന് വെല്ലുവിളിയായിരുന്നു. 

ജൂണ്‍ 14-നാണ് പ്രത്യേക സംഘം പാലക്കാട്ടുനിന്ന് ഗുവാഹാത്തിയിലേക്ക് യാത്രതിരിച്ചു. അസം പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തിയിരുന്നത്. തുടര്‍ന്ന്  ജൂണ്‍ 21-ന് പുലര്‍ച്ചെ ടെസ്പുറിലെ ചേരിപ്രദേശത്തുനിന്ന് ദുലാല്‍അലിയെ പിടികൂടി. ഇയാളില്‍നിന്ന് മറ്റ് പ്രതികള്‍ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഉടന്‍ 16 കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തില്‍നിന്ന് ഇനാമുല്‍ഹഖിനെയും പിടികൂടി. പക്ഷേ, പ്രതിയുമായി ഗ്രാമത്തിന് പുറത്തേക്ക് കടക്കാന്‍ശ്രമിച്ച കേരള പൊലീസിനുനേരെ നാട്ടുകാര്‍ തിരിഞ്ഞത് പ്രതിസന്ധിയായി. അസം പൊലീസ് സഹായത്തിനെത്തിയതോടെ ഈ പ്രതിസന്ധിയും നീങ്ങി. 

നാട്ടുകാരെ അസം പൊലീസ് തടഞ്ഞുനിര്‍ത്തിയ തക്കത്തില്‍ ഒന്നര കിലോമീറ്ററോളം അകലെ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനടുത്തേക്ക് കേരള പൊലീസ് പ്രതിയുമായി ഓടിരക്ഷപ്പെടുകയായിരുന്നു. മറ്റു രണ്ട് പ്രതികളെ കൂടി പിടികൂടാനായി പൊലീസ് സംഘം എത്തിയപ്പോഴേക്കും അവര്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് ഒരുസംഘം പിടിയിലായ പ്രതികളുമായി നാട്ടിലേക്ക് യാത്രതിരിച്ചു. മറ്റൊരു സംഘം രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ തുടര്‍ന്നു. 

രക്ഷപ്പെട്ട മൊഹിജുല്‍ ഇസ്ലാം, നൂര്‍ജമാല്‍ അലി എന്നിവരെ ജൂലായ് മൂന്നിനാണ് അരുണാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍നിന്ന് പ്രാദേശിക പൊലീസിന്റെ സഹായത്തോടെ വീട് വളഞ്ഞ് പിടികൂടിയത്. ഏപ്രില്‍ ഒമ്പത്, 11 തീയതികളിലാണ് പ്രതികള്‍ പുല്‍പ്പള്ളി, നൂല്‍പ്പുഴ സ്റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയത്. ഏപ്രില്‍ നാലിനും പത്തിനുമിടയ്ക്കുള്ള ദിവസങ്ങളിലാണ് നൂല്‍പ്പുഴയിലെ മാടക്കരയിലും പൂളക്കുണ്ടിലും മോഷണം നടന്നിരുന്നു. ഇവിടങ്ങളില്‍നിന്ന് 50 പവനോളം സ്വര്‍ണവും ഒരുലക്ഷം രൂപയോളവുമാണ് ഇവര്‍ അപഹരിച്ചത്. ബസുകളില്‍ യാത്രചെയ്ത് ആള്‍ത്തിരക്കില്ലാത്ത സ്ഥലങ്ങളിലിറങ്ങി, കറങ്ങിനടന്ന് ഗെയിറ്റ് പൂട്ടിക്കിടക്കുന്ന വീടുകള്‍ കണ്ടെത്തിയാണ് സംഘം മോഷണം നടത്തുന്നത്.

ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫ്, എസ്.ഐ. എന്‍.വി. ഹരീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഫിനു, ദേവജിത്ത്, അനസ്, നൗഫല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്മിജു, ആഷ്ലിന്‍ തോമസ്, ഉനൈസ്, ബിജിത്ത് ലാല്‍, പ്രജീഷ്, ജിതിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.

Follow Us:
Download App:
  • android
  • ios