സ്‌കൂള്‍ പരിസരത്ത് വില്‍പനയ്ക്കായി സൂക്ഷിച്ച ലഹരി വസ്തുക്കള്‍ മാരാരിക്കുളം വടക്ക് മാടത്താനി ചിറ ബാബുവിന്‍റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ ഉറവിടം തേടിയപ്പോഴാണ് മറ്റ് മൂന്ന് പേരിലേക്കും പൊലീസ് എത്തിയത്.


ചേര്‍ത്തല: ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത ലഹരി വസ്തുക്കളുമായി 3 പേരെ ജില്ലാ പൊലീസിന്‍റെ ഓപ്പറേഷന്‍ 'റെഡ്മാന്‍' സംഘം പിടികൂടി. പാലക്കാട് കൊടുവായൂര്‍ നവക്കോട് നൗഷാദ് (26), മുതലമട അന്തിച്ചിരക്കളം ജിഷാദ് (28), പെരുമ്പാവൂര്‍ വല്ലം റയോണ്‍പുരം മലയക്കുടി ഹസന്‍ (47) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നായി അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 11,000 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്. 

ലോറി ഡ്രൈവര്‍മാരായ നൗഷാദും ജിഷാദും തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ എത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 31ന് മാരാരിക്കുളത്ത് സ്‌കൂള്‍ പരിസരത്ത് വില്‍പനയ്ക്കായി സൂക്ഷിച്ച ലഹരി വസ്തുക്കള്‍ മാരാരിക്കുളം വടക്ക് മാടത്താനി ചിറ ബാബുവിന്‍റെ പക്കല്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇതിന്‍റെ ഉറവിടം തേടിയപ്പോഴാണ് മറ്റ് മൂന്ന് പേരിലേക്കും പൊലീസ് എത്തിയത്.

ബാബുവിനുള്ള ഉല്‍പ്പന്നങ്ങളുമായി ആഡംബര കാറില്‍ വന്ന നൗഷാദും ജിഷാദും രണ്ട് ദിവസം മുന്‍പ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. പിന്നീട് ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ടാണ് നൗഷാദിനെ പിടികൂടിയത്. 3000 പാക്കറ്റ് ലഹരി ഉല്‍പ്പന്നങ്ങളും പിടികൂടി. തുര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂട്ടുകച്ചവടക്കാരനായ ജിഷാദിനെയും ഉല്‍പ്പന്നങ്ങളുടെ സൂക്ഷിപ്പുകാരനായ ഹസനെയും പിടികൂടി. 

ഹസന്‍റെ കാറില്‍ നിന്നും 8000 പാക്കറ്റ് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 5 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും വാങ്ങിക്കുന്ന ഉല്‍പ്പനങ്ങള്‍ ഇവിടെ 50 രൂപയ്ക്കാണ് വില്‍ക്കുന്നതെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ എം ടോമി, ചേര്‍ത്തല എഎസ്പി. ആര്‍ വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തില്‍ അര്‍ത്തുങ്കല്‍ പൊലീസ്, സൈബര്‍ സെല്‍ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. 

പട്ടണക്കാട് എസ്‌ഐ അമൃതരംഗന്‍, അര്‍ത്തുങ്കല്‍ എസ്‌ഐ ചന്ദ്രശേഖരന്‍നായര്‍, ഉദ്യോഗസ്ഥരായ മനോജ് കൃഷ്ണന്‍, കെ ജെ സേവ്യര്‍, കെ പി ഗിരീഷ്, ബി അനൂപ്, എ ബി അഗസ്റ്റിന്‍, പി ആര്‍ പ്രവീഷ്, ജിതിന്‍, സൈബര്‍ സെല്‍ എസ്‌ഐ അജിത്ത്, അഫ്‌സല്‍, ബിജു, ആന്‍റണി എന്നിവരായിരുന്നു അന്വേഷണ സംഘം. 7.5 ലക്ഷത്തിന്‍റെ നിരോധിത ലഹരിവസ്തുക്കളുമായി 4 പേരെ കഴിഞ്ഞ 30 നും റെഡ്‍മാന്‍ സംഘം പിടികൂടിയിരുന്നു.