കോഴിക്കോട്: കോഴിക്കോട്  ജില്ലയിലെ വിവിധ ഭാഗങ്ങളിലായി  നടന്ന പരിശോധനയില്‍  185 കിലോ മത്സ്യം നശിപ്പിച്ചു . ഓപ്പറേഷന്‍ സാഗര്‍ റാണി യുടെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പും  ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്  മത്സ്യം  നശിപ്പിച്ചത്. കോവൂര്‍ കട്ടാങ്ങല്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍  ആവശ്യത്തിന് ഐസ് ഉപയോഗിക്കാത്തത് കാരണവും ഫോര്‍മാലിന്‍ ടെസ്റ്റ് പോസിറ്റീവ് ആയതിനാലും ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. 

ഫുഡ് സേഫ്റ്റി ഓഫീസര്‍ ആയ ഡോക്ടര്‍ രഞ്ജിത്ത് പി. ഗോപി, ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍  നടന്നത്. മത്സ്യത്തിന്റെ തൂക്കത്തിന് തുല്യ തൂക്കം ഐസ് ഇട്ടു വേണം മത്സ്യം വില്‍പ്പനക്ക് വക്കാന്‍.  ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ ഐസ് ഉരുകി പോകുന്നതിനു അനുസരിച്ചു വീണ്ടും ഐസ് ഇടേണ്ടതാണ്. പഴകിയതായി തോന്നുന്നതോ ഐസ് ഇല്ലാതെ വില്‍പ്പനക്ക് വച്ചിരിക്കുന്നതോ ആയ മത്സ്യം വാങ്ങാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം. ഇത്തരം വിവരം അധികൃതരെ അറിയിക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു. 

പ്രതീകാത്മക ചിത്രം