ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് ലഹരിമരുന്ന് വേട്ടയില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു. ഇതുവരെ 9280 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വന്‍തോതില്‍ എം.ഡി.എം.എ, കഞ്ചാവ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത്, കോഴിക്കോട് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍.

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര്‍ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). എന്നാല്‍ ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ് (999 പേര്‍). 875 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല. കൊച്ചി സിറ്റി, പാലക്കാട്, എന്നീ പോലീസ് ജില്ലകള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണ്ണൂര്‍ റൂറലിലാണ് ഏറ്റവും കുറവ് കേസുകളുള്ളത്, 137 എണ്ണം. 139 പേരാണ് ഇവിടെ അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഏഴ് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 38 കേസുകളും കോട്പ പ്രകാരം 46 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 47.322 ഗ്രാം എം.ഡി.എം.എയും 25.451 കി.ഗ്രാം കഞ്ചാവും 501 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 9147 ബോധവത്ക്കരണ ക്ലാസ്സുകളും 578 കൗണ്‍സിലിങ്ങുകളും നടത്തി. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6561 ബോധവത്ക്കരണ പരിപാടികളും നടന്നു.