തൃശൂർ വടക്കേക്കാട് നായരങ്ങാടിയിലെ പാലത്തിങ്കൽ ജ്വല്ലറിയിൽ നടന്ന കവർച്ചാശ്രമത്തിലെ രണ്ടാം പ്രതി അബ്ദുൾ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കല്‍ ജ്വല്ലറി കവര്‍ച്ചാ ശ്രമത്തിലെ രണ്ടാം പ്രതിയും പിടിയില്‍. പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പും വീട്ടില്‍ അബ്ദുള്‍ നാസര്‍( 59) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 30ന് പുലര്‍ച്ചെയോടെയായിരുന്നു നായരങ്ങാടിയിലുള്ള പാലത്തിങ്കല്‍ ജ്വല്ലറിയുടെ പുറക് വശത്തെ ചുവര്‍ കുത്തി തുരന്ന് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നത്. ജ്വല്ലറിക്കകത്ത് കടന്ന മോഷ്ടാക്കള്‍ ലോക്കറിലെ അലാറം ശബ്ദിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കേസിലെ ഒന്നും മൂന്നും പ്രതികളായ സുഹൈല്‍, നൗഷാദ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയായ അബ്ദുള്‍ നാസര്‍ കൃത്യത്തിനുശേഷം ബാംഗ്ലൂരിലേക്ക് ഒളിവില്‍ പോവുകയും, അവിടെ ഒരു ഹോട്ടലില്‍ ജീവനക്കാരനായി കഴിയുകയുമായിരുന്നു. ഇയാളുടെ പേരില്‍ നിരവധി മോഷണകേസുകള്‍ നിലവിലുണ്ട്. ചാവക്കാട് സി. ഐ. എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ വടക്കേക്കാട് എസ്.എച്ച്.ഒ. ശരത് സോമന്‍, എസ്.ഐ. ബിന്ദുരാജ്, എ.എസ്.ഐമാരായ കെ. സാജന്‍, അന്‍വര്‍ സാദത്ത്, എസ്.സി.പി.ഒ. ജിതിന്‍, സി.പി.ഒ. പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.