പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേയര്‍ ബീന ഫിലിപ്പ് രംഗത്തെത്തി.

കോഴിക്കോട്: കല്ലുത്താന്‍ കടവ് ഫ്‌ളാറ്റ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോര്‍പ്പറേഷനിലെ പ്രതിപക്ഷം. കോര്‍പ്പറേഷന്റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഫ്‌ളാറ്റിന്റെ നിര്‍മാണത്തില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഫ്‌ളാറ്റ് നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നും നിയമങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്നും ആരോപിച്ചാണ് യുഡിഎഫ് വിജിലന്‍സിന് പരാതി നല്‍കിയത്.

'കെട്ടിട നിര്‍മാണ ചട്ടങ്ങളും ഫയര്‍ ആന്റ് സേഫ്റ്റി മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. സ്വകാര്യ മാഫിയയെ സഹായിക്കുന്ന നിലപാടാണ് കോര്‍പ്പറേഷന്‍ സ്വീകരിക്കുന്നത്.' നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായും കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ശോഭിത വിജിലന്‍സ് എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേയര്‍ ബീന ഫിലിപ്പ് രംഗത്തെത്തി. എന്തിനും പരാതി നല്‍കുന്നത് പ്രതിപക്ഷത്തിന്റെ ശീലമാണെന്നും പദ്ധതികള്‍ നടപ്പാക്കാനാവാത്തത് പ്രതിപക്ഷത്തിന്റെ ഇത്തരം സമീപനമാണെന്നും മേയര്‍ ബീന ഫിലിപ്പ് കുറ്റപ്പെടുത്തി. ഫ്‌ളാറ്റിനുണ്ടായ വിള്ളല്‍ തെര്‍മല്‍ എക്‌സ്പാന്‍ഷന്‍ മൂലമുണ്ടായതാണെന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചതായും മേയര്‍ പറഞ്ഞു. 

നാല് വര്‍ഷം മുന്‍പ് 12 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഫ്‌ളാറ്റ് വിള്ളല്‍ വീണും ചോര്‍ന്നൊലിച്ചും അപകടാവസ്ഥയിലായിട്ടും ബലാക്ഷയമില്ലെന്നാണ് നിര്‍മ്മാണ കമ്പനിയായ കാഡ്‌കോയുടെ അവകാശവാദം. ഫ്‌ളാറ്റിന്റെ ശോച്യാവസ്ഥ എന്‍ഐടി സംഘം പരിശോധിക്കാനിരിക്കെയാണ് പ്രതിപക്ഷം വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്.

ഫ്ളാറ്റിന്റെ ശോച്യാവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. കോഴിക്കോട് നഗരസഭാ സെക്രട്ടറി 15 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ഒക്ടോബര്‍ ഏഴിന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഫ്ളാറ്റിന്റെ ഏഴാം നിലയിലെ മേല്‍ക്കൂര തകര്‍ന്ന നിലയിലാണ്. ഇവിടെ താമസിക്കുന്ന പളനിവേലിന്റെ കൊച്ചുമകന്റെ പിറന്നാള്‍ ദിവസം കുഞ്ഞ് കിടന്ന തൊട്ടിലിന് സമീപം മേല്‍ക്കൂരയുടെ പ്ലാസ്റ്ററിംഗ് അടര്‍ന്നു വീണു. കുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏഴാം നിലയിലെ ഇരുപതോളം ഫ്ളാറ്റുകളുടെ സ്ഥിതി ഇതാണ്.' മഴക്കാലത്ത് വെള്ളം ചോര്‍ന്നൊലിക്കുന്നതും പതിവാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. 

വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ പി വി ​ഗം​ഗാധരന്‍ അന്തരിച്ചു

YouTube video player