ഇയാളുടെ അടുത്ത് കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി
ഹരിപ്പാട് : മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് ( കണ്ണ് പരിശോധകൻ ) പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനത്തിനായി ഇയാൾ തുക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തും. ഇയാളുടെ അടുത്ത് കണ്ണ് പരിശോധനക്കെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിച്ചു. തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ പരാതിയെ തുടർന്ന് എസ് എച്ച് ഓ ബിജു ആർ ന്‍റെ നേതൃത്വത്തിൽ എസ് ഐ രതീഷ് ബാബു, സി പി ഒ മാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിലായി എന്നതാണ്. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് ( 24 ) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് അനുസരിച്ച് പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെൺകുട്ടിയെ അരുൺ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അരുണിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുൺ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ വിവരം അറിഞ്ഞ പൊലീസ് കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
