വീടിന്‍റെ മതിൽ ചാടി കടന്ന അരുൺ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു, 510 രൂപയും മോഷ്ടിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു
തിരുവനന്തപുരം: മകളെ ശല്യപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ വീട്ടിൽ കയറി ആക്രമണം നടത്തിയ യുവാവ് പിടിയിൽ. കോട്ടുകാൽ പയറ്റുവിള കുഴിയംവിള അനുശ്രീ നിവാസിൽ അരുണിനെയാണ് (24) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പൊലീസ് പറയുന്നത് അനുസരിച്ച് പയറ്റുവിള കുഴിയംവിള സ്വദേശിനിയായ പെൺകുട്ടിയെ അരുൺ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്ന് പിതാവ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അരുണിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. ഇതിലുള്ള വിരോധത്തിലാണ് അരുൺ പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്.
ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിന്‍റെ മതിൽ ചാടി കടന്ന അരുൺ വീടിനോടു ചേർന്നുള്ള രണ്ടുമുറി കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് തടിക്കഷണം കൊണ്ട് വീട്ടിലെ രണ്ടു കിടപ്പുമുറികളുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത അരുൺ ഗൃഹനാഥനെയും ഭാര്യയെയും മകളെയും വീടിനു അകത്തിട്ട് കുത്തി കീറി കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊട്ടിയ ജനാലയ്ക്ക് ഉള്ളിൽ നിന്ന് അവിടെ ഉണ്ടായിരുന്ന 510 രൂപയും അരുൺ മോഷ്ടിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ അരുണിനെ വിഴിഞ്ഞം പൊലീസ് പിടികൂടുകയായിരുന്നു. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അസം സ്വദേശിനിയായ യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയിലായി എന്നതാണ്. വെസ്റ്റ് ബംഗാൾ സ്വദേശിയായ കൈമനം വിവേക് നഗറിൽ വാടകക്ക് താമസിക്കുന്ന നാന എന്നു വിളിക്കുന്ന സുജിത് ദാസ് (43) നെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ കരുനാഗപ്പള്ളി സ്വദേശി ദീപുവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.
