തങ്ങള്‍ക്ക് പോകാന്‍ മറ്റിടമില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കുടുംബങ്ങളും ആവശ്യപ്പെട്ടു. മുപ്പത് വര്‍ഷത്തോളമായി ഇവിടെ സ്ഥിരതാമസക്കാരാണ് ഈ പന്ത്രണ്ട് കുടുംബങ്ങള്‍. 

ഇടുക്കി: ചിന്നക്കനാലില്‍ സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ഒഴുപ്പിച്ചെടുക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ചിന്നക്കനാല്‍ സിങ്കുകണ്ടത്തെ പന്ത്രണ്ട് കുടുംബങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ആദിവാസി പുനരധിവാസ പദ്ധതിക്കായി മാറ്റിയിട്ടിരിക്കുന്നതാണെന്ന് കണ്ടെത്തുകയും പരാതിക്കാരുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്ത സാഹചര്യത്തിലാണ് പന്ത്രണ്ട് കുടുംബങ്ങളുടേയും സ്ഥലം ഏറ്റെടുക്കാന്‍ ജില്ല കളക്ടറുടെ ഉത്തരവ്. 

എന്നാല്‍ തങ്ങള്‍ക്ക് പോകാന്‍ മറ്റിടമില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കുടുംബങ്ങളും ആവശ്യപ്പെട്ടു. മുപ്പത് വര്‍ഷത്തോളമായി ഇവിടെ സ്ഥിരതാമസക്കാരാണ് ഈ പന്ത്രണ്ട് കുടുംബങ്ങള്‍. കൈവശമിരിക്കുന്ന ഭൂമിയ്ക്ക് പട്ടയം വേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും ഇതിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 2018ൽ വിഷയത്തില്‍ ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉടുമ്പന്‍ചോല ഭൂ രേഖ തഹസില്‍ദാര്‍, രാജകുമാരി ഭൂ പതിവ് പ്രത്യേക തഹസില്‍ദാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. 

ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയില്ലെന്നും ഈ സ്ഥലം ആദിവാസി പുനരധിവാസ പദ്ധതിയ്ക്കായി മാറ്റിയിട്ടിരിക്കുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരെ ഹിയറിംഗ് നടത്തുകയും ചെയ്തതിന് ശേഷമാണ് നിലവില്‍ പന്ത്രണ്ട് കുടുംബങ്ങളെയും ഒഴുപ്പിച്ച് സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. എന്നാല്‍ വര്‍ഷങ്ങളായി താമസിക്കുന്ന തങ്ങളെ റവന്യൂ ഉദ്യോഗസ്ഥര്‍ കബിളിപ്പിച്ചതാണെന്നും റി സര്‍വ്വേ നടത്തിയപ്പോള്‍ കൈവശ ഭൂമി തിട്ടപ്പെടുത്താനെന്ന് തെറ്റിധരിപ്പിച്ച് ആദിവാസി ഭൂമിയാക്കി മാറ്റിയതാണെന്നുമാണ് കുടുംബങ്ങളുടെ ആരോപണം. റവന്യൂ വകുപ്പിന്‍റെ നടപടി ചോദ്യം ചെയ്ത് വീണ്ടും കോടതിയെ സമീപിക്കുന്നതിനും ഒപ്പം ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധ പരിപാടികള്‍ക്കും തയ്യാറെടുക്കുകയാണ് ഈ പന്ത്രണ്ട് കുടുംബങ്ങള്‍.