രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങണമെന്ന ഉത്തരവ്; തടസ്സം ഫോറൻസിക് സർജന്മാരുടെ കുറവ്
ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പകല്‍ പോലും പോസ്റ്റ്‌മോര്‍ട്ടം തടസപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ
തൃശൂര്‍: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജുകളില്‍ രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് തൃശൂരില്‍ നടപ്പിലാക്കുന്നതിന് ഡോക്ടര്‍മാരുടെ കുറവ് തടസമാകുന്നു. ആകെയുള്ള ഏഴ് ഫോറൻസിക് സർജന്മാരുടെ തസ്തികകളില്‍ നാലെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ അനുബന്ധ ജീവനക്കാരുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് അനുകൂലമായിട്ടുള്ളത്.
രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം എന്ന നിര്‍ദേശം അടിയന്തരമായി നടപ്പിലാക്കി സര്‍ക്കാരിനെ അറിയിക്കാനാണ് ഡി എം ഇ പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പകല്‍ പോലും പോസ്റ്റ്‌മോര്‍ട്ടം തടസപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് വരുന്നതിനു മുമ്പ് കേരളത്തില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ച് ഉത്തരവ് ഉണ്ടായിരുന്നു. അവയവദാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് കണ്ടെത്തിയാല്‍ അവയവദാനത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്താന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിനെതിരേ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍മാര്‍ കോടതിയെ സമീപിച്ചതുമൂലം ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
ആവശ്യമായ വെളിച്ചവും ജീവനക്കാരും ഇല്ലാതെ പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇപ്പോള്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ധനസഹായം അനുവദിച്ചെങ്കിലും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം