സാധനം കൈപ്പറ്റിയ ഉടൻ തന്നെ ഓർഡർ തുകയായ 1000 രൂപ യുവാക്കൾ ഡെലിവറി ചെയ്ത ആൾക്ക് നൽകുകയും ചെയ്തു. എന്നാൽ പായ്ക്കറ്റ് പൊട്ടിച്ചപ്പോൾ കിട്ടിയത് പ്രീമിയം മദ്യക്കുപ്പിയില് മനുഷ്യമൂത്രമാണ്.
പത്തനംതിട്ട: ഓൺലൈനിൽ 1000 രൂപയുടെ എല്ഇഡി ലൈറ്റ് ഓർഡർ ചെയ്ത യുവാക്കൾക്ക് ലഭിച്ചത് പ്രീമിയം മദ്യക്കുപ്പിയില് മനുഷ്യമൂത്രം. കോന്നി അരുവാപുലം സ്വദേശികളായ യുവാക്കളാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്. അരുവാപുലം സ്വദേശി ഓമനക്കുട്ടന് വേണ്ടിയാണ് സുഹൃത്ത് സനു ഫേസ്ബുക്ക് വഴി എത്തിയ ഓൺലൈൻ കച്ചവട ലിങ്കിലൂടെ ലൈറ്റ് ഓർഡർ ചെയ്തത്. ഒക്ടോബർ ആറിനാണ് ഓർഡർ ചെയ്തത്. ഇന്നലെ വൈകിട്ട് 4.30 യോടെ ഡെലിവറി ബോയ് സാധനം എത്തിച്ചു നൽകുകയായിരുന്നു. കവർ പൊട്ടിച്ചു നോക്കിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്.
കൊറിയർ വഴിയാണ് ഇവർക്ക് ഓർഡർ ലഭിക്കുന്നത്. പ്രമുഖ ഡെലിവറി പങ്കാളികളായ 'ഷാഡോഫാക്സ് ഇന്ത്യ' എന്ന കമ്പനിയുടെ ഡെലിവറി ബോയ് ആണ് പാക്കറ്റ് എത്തിച്ചത്. സാധനം കൈപ്പറ്റിയ ഉടൻ തന്നെ ഓർഡർ തുകയായ 1000 രൂപ യുവാക്കൾ ഡെലിവറി ചെയ്ത ആൾക്ക് നൽകുകയും ചെയ്തു. എന്നാൽ പായ്ക്കറ്റ് പൊട്ടിച്ചപ്പോൾ കിട്ടിയത് പ്രീമിയം മദ്യക്കുപ്പിയില് മനുഷ്യമൂത്രമാണ്. വിവരം കമ്പനിയെ അറിയിക്കുന്നതിനായി കവറിനു പുറത്തുള്ള നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിശദമായി പരിശോധിച്ചപ്പോഴാണ് നമ്പറിൽ ഒന്ന് കുറവാണെന്ന് തിരിച്ചറിഞ്ഞത്. വ്യാജ മെയിൽ ഐഡിയുമാണ് നൽകിയിരുന്നത്.
പൊതു വിപണിയിൽ ഇരട്ടിത്തുക വിലയുള്ള ലൈറ്റ് 1000 രൂപയ്ക്ക് ലഭിക്കുമെന്ന പരസ്യം ഫേസ്ബുക്കിലൂടെയാണ് യുവാക്കൾ കണ്ടത്. ഫേസ്ബുക്കിൽ കൊടുത്ത ഓൺലൈൻ വ്യാപാര കമ്പിനിയുടെ ലിങ്കിൽ കയറിയാണ് യുവാക്കൾ ഓർഡർ ചെയ്തത്. ലൈറ്റിന് 9 മാസത്തെ ഗ്യാരണ്ടിയും അവകാശപ്പെട്ടിരുന്നു. പാഴ്സൽ അയച്ചു നൽകിയ കമ്പനിയുടെ മേൽവിലാസത്തിൽ ഉൾപ്പെടെ ദുരൂഹതയുണ്ടെന്നാണ് യുവാക്കൾ പറയുന്നത്. സംഭവത്തിൽ ഉപഭോക്ത കോടതിയെ സമീപിക്കാനാണ് യുവാക്കളുടെ തീരുമാനം. കോന്നി പൊലീസിലും പരാതി നൽകുമെന്ന് ഓമനക്കുട്ടനും സനുവും പറഞ്ഞു.


