ചാരുംമൂട്: ഓണക്കാലത്ത് വിഷ രഹിത പച്ചക്കറികളൊരുക്കി പാലമേൽ കാർഷിക മേഖല. ഓണത്തിന് ഇത്തവണയും ആലപ്പുഴ ജില്ലയിലാകെ കൂടുതൽ പച്ചക്കറികളെത്തുക ഓണാട്ടുകരയിൽ നിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്നത് പാലമേൽ ഗ്രാമ പഞ്ചായത്തിലാണ്. ഇത്തവണ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 100 ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കിയത്. മഴയിലും, വിവിധയിനം കീടങ്ങളുടെയും, രോഗബാധയും മൂലം നാല് ഹെക്ടറോളം സ്ഥലത്തെ കൃഷി നശിച്ചിരുന്നു. 

എങ്കിലും പച്ചക്കറിയുടെ ഉത്പാദനത്തിൽ പാലമേൽ ഒന്നാമതാണ്. നാടൻ ഏത്തക്കായും കിഴങ്ങുവർഗ്ഗങ്ങളുമാണ് വിപണിയിലെ പ്രധാന ഇനം. ഈ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ക്ലസ്റ്ററാണ് പാലമേൽ എ ഗ്രേഡ് വിപണി. കർഷകർക്ക് മികച്ച വില ലഭിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് ആരംഭിച്ച ആഴ്ച്ച ചന്തയിലൂടെ ശേഖരിക്കുന്ന കാർഷികോത്പന്നങ്ങൾ പാലമേൽ എ ഗ്രേഡ് ക്ലസ്റ്ററാണ് പൊതുവിപണിയിൽ എത്തിക്കുന്നത്.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ചന്തപ്രവർത്തിക്കുന്നത്. കൃഷിഭവന്റെ കീഴിലുള്ള കർഷക സമിതിയുടെ ഉത്പന്നങ്ങൾ എ ഗ്രേഡ് ക്ലസ്റ്റർ വിപണിയായ എരുമക്കുഴിയിലേക്കാണ് എത്തുന്നത്. ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന കച്ചവടക്കാരും കുടുംബങ്ങളും ഉത്പന്നങ്ങൾ ലേലത്തിലാണ് വാങ്ങുന്നത്. പാലമേൽ കഴിഞ്ഞ ദിവസം വിപണിയിൽ ഏത്തക്കായ്ക്ക് കിലോയ്ക്ക് 60 മുതൽ 70 വരെ വില എത്തിയിരുന്നു. ചേനക്ക് 18 മുതൽ 20 രൂപ വരെ ലഭിച്ചു. പാവക്കായ്ക്ക് 80 മുതൽ 90 രൂപ വരെ എത്തി. കാച്ചിൽ, ചേമ്പ്, വിവിധയിനം കിഴങ്ങുകൾ, പടവലം, ചീര, പച്ചമുളക്, കോവയ്ക്ക, മത്തങ്ങ, വെള്ളരി, ഇഞ്ചി, പയർ തുടങ്ങി വിവിധയിനം വാഴക്കുലകളും വിപണിയിൽ ലഭ്യമാണ്. 

ഇത്തവണ ഓണച്ചന്ത 27 വരെയാണ് പ്രവർത്തിക്കുക. ഇത്തവണയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള പച്ചക്കറികൾ ആവശ്യപ്പെടുന്നതനുസരിച്ച് വിതരണം ചെയ്യാനാണ് തീരുമാനം. ഹോർട്ടികോർപ്പ് ആലപ്പുഴ ജില്ലാ മാർക്കറ്റിങ് വിഭാഗമാണ് പച്ചക്കറികൾ ശേഖരിക്കുന്നത്. ഹോർട്ടികോർപ്പ് സാധനങ്ങളുടെ വില കർഷക സമിതികളുടെ അക്കൗണ്ടുകളിലേക്കാണ് തുക നൽകുന്നത്. ഇവിടെ നിന്നും കർഷകന് നൽകും. കഴിഞ്ഞവർഷം ഒരു ദിവസം ഏഴു മുതൽ എട്ട് ടൺ പച്ചക്കറി വരെ ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു. 

ജില്ലയിലെ, ചേർത്തല അമ്പലപ്പുഴ, തണ്ണീർമുക്കം, കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, ഹരിപ്പാട് എന്നി വിടങ്ങളിലേക്ക് ആവശ്യമായ പച്ചക്കറികൾ എത്തിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിലെ പഴകുളം, പള്ളിക്കൽ എന്നിവിടങ്ങളിലും സാധനങ്ങൾ എത്തിച്ചിരുന്നു. സുഭിക്ഷ കേരളം, ജനകീയാസൂത്രണം എന്നീ പദ്ധതികളിലൂടെ 55 ലക്ഷം രൂപയോളമാണ് കാർഷിക മേഖലക്കായി പഞ്ചായത്ത് മാറ്റി വെച്ചത്. 

അച്ചൻകോവിലാറ്റിൽ കാണാതായ 47കാരന്റെ മൃതദേഹം കണ്ടെത്തി