Asianet News MalayalamAsianet News Malayalam

ഒര്‍ത്തഡോസ് പള്ളിയുടെ വര്‍ഷങ്ങള്‍ പഴക്കമുളള ഓട്ടുമണി മോഷ്ടിച്ചവര്‍ അറസ്റ്റില്‍

ഉദ്ദേശം 75 വര്‍ഷം പഴക്കമുളളതും 155 കിലോയോളം ഭാരം വരുന്നതുമായ ഓട്ടുമണി മോഷ്ടിച്ച കേസിലാണ്  അറസ്റ്റ്

orthodox church bell theft police arrested three in kayamkulam
Author
Kayamkulam, First Published Nov 10, 2021, 9:01 PM IST

കായംകുളം: കാദീശ ഓര്‍ത്തഡോക്സ് പളളിയില്‍ നിന്നും വര്‍ഷങ്ങള്‍ പഴക്കമുളള ഓട്ടുമണി (orthodox church bell) മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. ഉദ്ദേശം 75 വര്‍ഷം പഴക്കമുളളതും 155 കിലോയോളം ഭാരം വരുന്നതുമായ ഓട്ടുമണി മോഷ്ടിച്ച കേസിലാണ് കായംകുളം ചേരാവളളിൽ പുലിപ്പറത്തറ വീട്ടില്‍ അനില്‍ (46), കാര്‍ത്തികപ്പളളി  മഹാദേവികാട് വടക്കേ ഇലമ്പടത്ത് വീട്ടില്‍ പ്രസന്ന കുമാര്‍ (52), വളളികുന്നം രതീ ഭവനത്തിൽ രതി(42) എന്നിവരെയാണ് കായംകുളം പോലീസ് (Kayamkulam Police) അറസ്റ്റ് ചെയ്തത്. 

രതി ഇപ്പോൾ നങ്ങ്യാര്‍കുളങ്ങര വീട്ടൂസ് കോട്ടേജില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കായംകുളം കാദീശ ഓര്‍ത്തഡോക്സ് പളളിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കി വന്നിരുന്ന അനില്‍ പളളിയുടെ കിഴക്ക് വശം വാടകയ്ക്ക് താമസിച്ചു വന്നിരുന്ന രതിയുടെയും സുഹൃത്തായ പ്രസന്നകുമാറിന്റേയും സഹായത്തോടെ മണി മോഷ്ടിച്ച് രതിയുടെ വീട്ടില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് ആലപ്പുഴയിലുളള ആക്രിക്കടയില്‍ ലേലം വിളിച്ചെടുത്തതാണെന്ന് പറഞ്ഞ് വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. 

എന്നാല്‍ ലേലം വിളിച്ചെടുത്തതാണെന്നുളള പളളിയുടെ കത്ത് വേണമെന്ന് കടക്കാര്‍ പറഞ്ഞതിനാല്‍ മണി വീണ്ടും രതിയുടെ വീട്ടില്‍ സൂക്ഷിക്കുകയും പിന്നീട് പാലക്കാട് പട്ടാമ്പിയിലുളള ആക്രിക്കച്ചവടക്കാരന് വിറ്റതായും പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുളളത്. പട്ടാമ്പിയില്‍ വിറ്റ മണി കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു.  സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമല്ലാതിരുന്ന ഈ കേസില്‍ പോലീസ് തന്ത്രപരമായി അന്വേഷണം നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്. 

കായംകുളം ഡിവൈഎസ് പി അലക്സ് ബേബിയുടെ  നേതൃത്വത്തില്‍ സി ഐ മുഹമ്മദ് ഷാഫി, പോലീസുകാരായ രാജേന്ദ്രന്‍, സുനില്‍ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios