കായംകുളം: വർഷങ്ങളായി സഭാ തർക്കം നിലനിൽക്കുന്ന ആലപ്പുഴ കട്ടച്ചിറ പള്ളിയിൽ ഓർത്തഡോക്സ് സഭാ വിശ്വാസികൾ പ്രാർത്ഥന നടത്തി. സുപ്രീംകോടതി വിധിയെ തുടർന്നാണ് ഓർത്തഡോക്സ് സഭാ വിശ്വാസികൾ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്തിയത്. ജില്ലാഭരണകൂടമാണ് കോടതി വിധിപ്രകാരം വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കി കൊടുത്തത്.

കനത്ത പൊലീസ് സുരക്ഷയിലാണ് ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ കയറി പ്രാർത്ഥന നടത്തിയത്. ആലപ്പുഴ സബ് കളക്ടർ വി ആർ കൃഷ്ണതേജയാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്. പള്ളിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച യാക്കോബായ സഭാ വിശ്വാസികളെ പൊലിസ് തടഞ്ഞു.

ഏകപക്ഷിയമായാണ് വിധി നടപ്പാക്കിയതെന്ന് യാക്കോബായ വിശ്വാസികൾ കുറ്റപ്പെടുത്തി. അതേസമയം, സഭാ വ്യത്യാസമില്ലാതെ പള്ളിയിൽ എല്ലാ വിശ്വാസികൾക്കും പ്രവേശിക്കാൻ അനുമതി ഉണ്ടാകുമെന്ന് ഓർത്തഡോക്സ് വിഭാഗം വികാരി പറഞ്ഞു.