Asianet News MalayalamAsianet News Malayalam

'ഇതെന്ത് ടാറ്റൂ അടിച്ച മീനോ ?' അനേകം മീനുകളുടെ ചിത്രങ്ങള്‍ വരച്ച് വച്ചത് പോലെ 'കറുത്ത പൈന്തി'

കറുത്ത പൈന്തി മീനിന്‍റെ ഇരുപുറവും ചെമ്മീന്‍, സ്രാവ്, രാജാവ്, നീലത്തിമിംഗലം തുടങ്ങി അനേകം മത്സ്യങ്ങളുടെ ചിത്രങ്ങള്‍ വരച്ച് വച്ചത് പോലുണ്ടായിരുന്നു. 
 

other fish s image painted on top of kerala sea fish black panithi
Author
Thiruvananthapuram, First Published Jul 15, 2022, 3:48 PM IST

കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും ഇന്ന് (15.7.'22) കടലില്‍ മത്സ്യബന്ധനത്തിന് പോയ സെന്‍റര്‍ വള്ളക്കാര്‍ക്ക് ലഭിച്ചത് ഒരു അത്ഭുത മത്സ്യത്തെ. ഏതാണ്ട് മൂന്ന് കിലോയോളം ഭാരമുള്ള മത്സ്യത്തിന്‍റെ പുറത്ത് മറ്റ് മത്സ്യങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് വച്ചത് പോലെയുണ്ടായിരുന്നു. വള്ളക്കാര്‍ അയച്ച് കൊടുത്ത വീഡിയോ 'കേരളത്തിന്‍റെ സൈന്യം' എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പുറത്തെത്തിയെത്. നിമിഷനേരം കൊണ്ട്തന്നെ അത്ഭുത മത്സ്യത്തിന്‍റെ വീഡിയോകള്‍ സമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. 

'കറുത്ത പൈന്തി എന്ന് പേരുള്ള മീനിനെയാണ് വള്ളക്കാര്‍ക്ക് ലഭിച്ചത്. എന്നാല്‍ മീനിന്‍റെ പുറത്ത് മറ്റനേകം മീനുകളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തത് വച്ചത് പോലുണ്ടായിരുന്നു.' സെന്‍റര്‍ വള്ളത്തിലെ ജോലിക്കാരനായ സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.  

'സാധാരണ കറുത്ത പൈന്തിയെ പോലെ തന്നെയാണ് മീനിരുന്നത്. എന്നാല്‍ അതിന്‍റെ ഇരുവശങ്ങളിലായി ചെമ്മീന്‍, സ്രാവ്, രാജാവ്, നീലത്തിമിംഗലം തുടങ്ങി അനേകം മത്സ്യങ്ങളുടെ ചിത്രങ്ങള്‍ വരച്ച് വച്ചത് പോലുണ്ടായിരുന്നു. കണ്ട് കഴിഞ്ഞാല്‍ ഒരു ആര്‍ട്ട് ഗ്യാലറിയില്‍ മീനിന്‍റെ പുറത്ത് ചിത്രം വരച്ച് വെച്ചത് പോലെ.' സുരേഷ് തുടര്‍ന്നു.  

ഇന്ന് രാവിലെയാണ് സെന്‍റര്‍ വള്ളക്കാര്‍ക്ക് കറുത്ത പൈന്തി എന്ന ഈ മത്സ്യത്തെ ലഭിച്ചത്. നേരത്തെയും നിരവധി കറുത്ത പൈന്തികളെ കിട്ടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മീനിന് മുകളില്‍ നിരവധി മത്സ്യങ്ങളുടെ രൂപങ്ങള്‍ ആലേഖനം ചെയ്ത രീതിയില്‍ കണ്ടെത്തുന്നത്. 'മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ കടല്‍പ്പണിക്ക് പോകുന്നു. എന്നാല്‍, ഒരു മീനിന്‍റെ മുകളില്‍ മറ്റ് മീനുകളുടെ ചിത്രം വരച്ചത് പോലെ കാണുന്നത് ജീവിതത്തില്‍ തന്നെ ആദ്യമായാ'ണെന്നും സുരേഷ് പറയുന്നു.

മത്സ്യത്തെ ലഭിച്ചപ്പോള്‍ തന്നെ വീഡിയോ എടുത്ത് കരയിലുള്ളവര്‍ക്ക് അയച്ച് കൊടുത്തെങ്കിലും ആരില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് സെന്‍റര്‍ വള്ളത്തിലെ ജോലിക്കാര്‍ പറഞ്ഞു. നിലവില്‍ വള്ളം ഇപ്പോഴും കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്ന് വൈകീട്ടത്തേക്ക് മാത്രമേ വള്ളം കരയ്ക്കടുക്കൂ. 

നല്ല രൂചിയുള്ള മീനാണ് കറുത്ത പൈന്തി. ഇന്ന് ലഭിച്ച കറുത്ത പൈന്തിക്ക് ഏതാണ്ട് മൂന്ന് കിലോയുടെ അടുത്ത് ഭാരമുള്ളതായിരുന്നു. ഉച്ച വരെ വലവീശിയിട്ട് ആകെ ലഭിച്ചത് ഈ കറുത്ത പൈന്തിയെ മാത്രം. ഉച്ചയ്ക്ക് ചോറിന് മറ്റ് മീനുകളൊന്നും കിട്ടാത്തത് കൊണ്ടും കരയില്‍ നിന്ന് മീനിനെ കുറിച്ച് കൂടുതല്‍ അറിയിപ്പുകളൊന്നും ലഭിക്കാതിരുന്നതിനാലും കറുത്ത പൈന്തിയെ ഉച്ച ഭക്ഷണത്തിന് കറിവച്ച് കഴിച്ചെന്നും വള്ളക്കാര്‍ പറഞ്ഞു. 

കോയിലാണ്ടി ഹാര്‍ബറില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി വല വീശിയപ്പോഴാണ് സെന്‍റര്‍ വള്ളക്കാര്‍ക്ക് ഈ 'ചിത്ര മത്സ്യ'ത്തെ ലഭിച്ചത്. 30 പേരുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇത്. ഉടമസ്ഥരില്‍ പലരുമടക്കം ഏതാണ്ട് നാല്‍പതോളം പേര്‍ ഈ വള്ളത്തില്‍ പോകുന്നു. ഗ്രൂപ്പിന്‍റെ ലീഡര്‍ ജയശീലനാണ്. അഭിലാഷാണ് സ്രാങ്ക്.

 

 

 

 

Follow Us:
Download App:
  • android
  • ios